വണ്ണപ്പുറം:മുളപ്പുറം-എറണാകുളം കെ എസ് ആർ ടി സി ബസ് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.മുളപ്പുറത്ത്‌ നിന്ന് രാവിലെ 6.30 ന് ആരംഭിച്ച് തൊമ്മൻകുത്ത് -വണ്ണപ്പുറം- മൂവാറ്റുപ്പുഴ- എറണാകുളം സർവീസാണ് തൊടുപുഴ കെ എസ് ആർ ടി സി ഉദ്യോഗസ്ഥർ നിർത്തലാക്കിയത്.കഴിഞ്ഞ ഒരു വർഷക്കാലമായി ഈ സർവീസ് ഇല്ലാതായിട്ട്.മൂവാറ്റുപുഴ,എറണാകുളം ഭാഗത്തേയ്ക്ക് ജോലിക്കും കൂലിപ്പണികൾക്കും പോയിരുന്ന അനേകം യാത്രക്കാരുടെ ആശ്രയമായിരുന്ന ഈ സർവീസ്. വണ്ണപ്പുറത്തു നിന്ന് രാവിലെ 7.30 ന് ശേഷമാണ് ഇപ്പോൾ എറണാകുളം ഭാഗത്തേയ്ക്ക് സർവീസ്സുള്ളത്.രാവിലെ 5.30 ന് കട്ടപ്പന-ചെറുതോണി-വെൺമണി-വണ്ണപ്പുറം വഴി എറണാകുളത്തിനുണ്ടായിരുന്ന ബസും സർവീസ് നടത്തിയിട്ട് ഒരു വർഷം പിന്നിട്ടു.കൊവിഡ് വ്യാപാനം കുറയുകയും സമ്പർക്ക വിലക്കിൽ ഇളവ് നൽകുകയും ചെയ്തിട്ടും ഗ്രാമീണ റൂട്ടുകളിൽ സർവീസ് ആരംഭിക്കുവാൻ കെ എസ് ആർ ടി സി തയ്യാറാകുന്നില്ല.സർവീസുകൾ അടിയന്തരമായി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ഗതാഗതമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ്.