ഇടുക്കി: ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു. ഇന്നും നാളെയും കാര്യമായ മുന്നറിയിപ്പുകൾ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പരക്കെ മഴക്ക് സാദ്ധ്യതയുണ്ട്. തൊടുപുഴ, അടിമാലി, മൂന്നാർ മേഖലകളിലാണ് കൂടുതൽ മഴ ലഭിക്കുക. ഉച്ചകഴിഞ്ഞ് മറ്റിടങ്ങളിലും മഴ എത്തിയേക്കും. അതേ സമയം ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തൊടുപുഴ താലൂക്കിലാണ്. ഇവിടെ 4.44 സെ.മീ. മഴ ലഭിച്ചു. ഇടുക്കി- 2.84, ദേവികുളം- 2.62, ഉടുമ്പൻചോല- 2.05, പീരുമേട്- 1.9 സെ.മീ. വീതവും മഴ പെയ്തു. ജില്ലയിൽ ജൂൺ ഒന്ന് മുതൽ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 23 ശതമാനം മഴയുടെ കുറവുണ്ട്. 128.61 സെ.മീ മഴ കിട്ടേണ്ടിടത്ത് 99.64 സെ.മീ. ആണ് ലഭിച്ചത്. ഇടുക്കിയടക്കം ജില്ലയിലെ പ്രധാന സംഭരണികളിലെല്ലാം ജലനിരപ്പ് കൂടി വരികയാണ്. 2362.52 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. പരമാവധി സംഭരണ ശേഷി 2403 അടിയാണ്. പദ്ധതി പ്രദേശത്ത് 2.84 സെ.മീ. മഴ ലഭിച്ചപ്പോൾ 35.432 മില്യൺ യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. കല്ലാർകുട്ടി, പാബ്ല, മലങ്കര ഡാമുകൾ ഏതാനം ദിവസങ്ങളായി തുറന്നിരിക്കുകയാണ്. കുണ്ടള ഡാമിലെ ജലനിരപ്പ് 36% ആയി ഉയർന്നു. മാട്ടുപ്പെട്ടി- 35, പൊന്മുടി- 57, ആനയിറങ്കൽ- 37 എന്നിങ്ങനെയാണ് മറ്റ് സംഭരണികളിലെ ജലനിരപ്പ്.