കട്ടപ്പന: ബക്രീദ് പ്രമാണിച്ച് വാരാന്ത്യ ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും നഗരത്തിൽ തിരക്ക് കുറവ്. വലിയ തിരക്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും കനത്ത മഴ കൂടി പെയ്തതോടെ നഗരം വിജനമായി. വ്യാപാര സ്ഥാപനങ്ങളിലും തിരക്ക് കുറവായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പെരുന്നാളിനോടനുബന്ധിച്ച് 3 ദിവസം ഇളവ് അനുവദിച്ചത്. തിരക്ക് പ്രതീക്ഷിച്ച് ബേക്കറികളിൽ പലഹാരങ്ങൾ അടക്കം കൂടുതൽ കരുതിയിരുന്നെങ്കിലും ഉച്ചകഴിഞ്ഞ് നഗരം വിജനമായിരുന്നു. ഇതിനിടെ ഇടവിട്ട് മഴ പെയ്തതോടെ ആളുകൾ തിരികെ മടങ്ങി. വൈകിട്ടോടെ ഭൂരിഭാഗം കടകളും അടച്ചു. ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ആൾക്കൂട്ടം പാടില്ലെന്ന് നഗരസഭ അധികൃതരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ സി വിഭാഗത്തിലാണ് കട്ടപ്പന നഗരസഭ.