തൊടുപുഴ: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നെങ്കിലും പൊതുഗതാഗതം ഇനിയും സുഗമമാകാത്തത് യാത്രക്കാരെ വലയ്ക്കുന്നു. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയെങ്കിലും ഭൂരിഭാഗവും നഗര മേഖലകളിലും ദേശീയപാതകൾ കേന്ദ്രീകരിച്ചും മാത്രമാണ് സർവീസ് നടത്തുന്നത്. ഗ്രാമീണമേഖലയിലേക്കുള്ള സർവീസുകൾ പകുതിയായി. ചെയിൻ സർവീസുകളും ആരംഭിച്ചിട്ടില്ല. കളക്ഷൻ കുറവായതാണ് കാരണം. ജില്ലയിൽ ആകെയുള്ള യാത്രാ ബസുകളിൽ 60 ശതമാനം മാത്രമാണ് ഇപ്പോഴും നിരത്തിലുള്ളത്. ഇവയ്ക്കാകട്ടെ മതിയായ വരുമാനവും ലഭിക്കുന്നില്ല. കെ.എസ്.ആർ.ടി.സി ഇരുന്നൂറിലേറെ സർവീസുകൾ നടത്തിയിരുന്നത് ഇപ്പോൾ നൂറ്റമ്പതിൽ താഴെയായി. ലോക്ക് ഡൗണിന് ശേഷം കെ.എസ്.ആർ.ടി.സി കേരളത്തിലാകെയുണ്ടായിരുന്ന 6500 സർവീസുകൾ 3800 ആയി കുറച്ചിരുന്നു. സ്വകാര്യ ബസുകളും പലതും ഇപ്പോഴും നിരത്തിലിറങ്ങിയിട്ടില്ല. ജില്ലയിലാകെയുള്ള 400 സർവീസുകളിൽ 300 എണ്ണം മാത്രമാണ് ഇപ്പോൾ ഓടുന്നത്. അതും നഗരമേഖലകളിൽ മാത്രമാണ് സർവീസ് നടത്തുന്നത്. ചില ബസുകൾ പൂർണമായും സർവീസ് നിറുത്തി. ഗ്രാമീണ മേഖലകളിൽ തീരെ കളക്ഷനില്ലെന്ന് ഇവർ പറയുന്നു. ഡീസൽ പൈസ പോലും പല ട്രിപ്പുകളിലും കിട്ടാറില്ലത്രേ. മാത്രമല്ല കണ്ടെയിൻമെന്റ് സോണുകളിൽ സർവീസ് നടത്തുന്നതിനുള്ള വിലക്കും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. കൊവിഡ് ഭീതിയെ തുടർന്ന് പലരും സ്വന്തം വാഹനത്തിലോ മറ്റോ യാത്രചെയ്യുന്ന സ്ഥിതി വന്നതാണ് പൊതുഗതാഗത സംവിധാനത്തിൽ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയാൻ കാരണം. എന്നാൽ പൊതുഗതാഗതത്തെ മാത്രം ആശ്രയിക്കുന്ന ഗ്രാമീണ മേഖലയിലെ ജനങ്ങൾ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
നിറുത്തിയിട്ടാലും ചെലവ്
ബസുകൾ ഓടാതെ നിറുത്തിയിട്ടാലും നഷ്ടം ഇരട്ടിയാണ്. നിറുത്തിയിടുന്ന വാഹനങ്ങളുടെ ബാറ്ററിയും ടയറും കേടാകും. ഡയനാമ, സ്റ്റാർട്ടർ എന്നിവയിൽ തുരുമ്പ് കയറും. എൻജിൻ പ്രവർത്തിക്കാത്തതിനാൽ നോസിൽ, പിസ്റ്റൺ എന്നിവയ്ക്കും കേടുപാടുണ്ടാകും. ഡീസൽ മയമില്ലാത്ത ഭാഗത്ത് ടാങ്കുകൾക്ക് വിള്ളൽ വീഴും. ടയർ ഗാർഡ് എൻഡുകൾ, ബെയറിംഗുകൾ എന്നിവ പ്രവർത്തനരഹിതമാകും. പ്ലാറ്റ്‌ഫോം, ബോഡി എന്നിവയുടെ ഇരുമ്പ് ഭാഗങ്ങളിൽ തുരുമ്പ് കയറാം.
'' വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാഴാഴ്ച മുഖ്യമന്ത്രിയെ കണ്ടിരുന്നു. ടാക്സ് പൂർണമായും ഒഴിവാക്കുന്ന കാര്യവും കുറഞ്ഞ പലിശയിൽ വായ്പ നൽകുന്ന കാര്യവുമടക്കം ചർച്ച ചെയ്തു. പ്രശ്നങ്ങളെല്ലാം അനുഭാവപൂർവം പരിഹരിക്കാമെന്ന മറുപടിയാണ് ലഭിച്ചത്. കൊവിഡ് ആരംഭിച്ചതിന് ശേഷം മാത്രം 36 രൂപയാണ് ഡീസലിന് കൂടിയത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് സഹായമില്ലെങ്കിൽ വ്യവസായം പ്രതിസന്ധിയിലാകും.''
-തൂഫാൻ തോമസ്
(ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ)