തൊടുപുഴ : ഹരിതകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഹരിതകർമ്മ സേനാംഗങ്ങൾക്കുള്ള യൂസർ ഫീ സർക്കാർ പുതുക്കി നിശ്ചയിച്ചു. തദ്ദേശസ്ഥാപനങ്ങൾ നിശ്ചയിക്കുന്ന കുറഞ്ഞ യൂസർ ഫീ നിരക്കുകൾ കാരണം ഉപജീവനത്തിന് ഉതകുന്ന വരുമാനം ലഭിക്കുന്നില്ലെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച സർക്കാരിന്റെ പുതിയ തീരുമാനം.
കുടുംബശ്രീ സംരംഭ മാതൃകയിൽ പ്രവർത്തിക്കുന്ന ഹരിതകർമ്മ സേനാംഗങ്ങൾക്ക് പുതിയ പ്രവർത്തന മാർഗ്ഗരേഖയിലാണ് ഗ്രാമപ്രദേശങ്ങളിലെ വീടുകൾക്ക് 50രൂപയും നഗരപ്രദേശങ്ങളിലെ വീടുകൾക്ക് 70 രൂപയും യൂസർഫീ ഈടാക്കണമെന്നാണ് സർക്കാർ ഉത്തരവ്. കടകളിൽ നിന്നും യൂസർഫീയായി 100രൂപ വാങ്ങാം.നേരത്തേ ഗ്രാമ നഗരഭേദമന്യേ വീടുകളിൽ നിന്നുള്ള യൂസർഫീ പരമാവധി 60രൂപയായി നിജപ്പെടുത്തിയിരുന്നു.ഈ ഉത്തരവിലാണ് മാറ്റം വരുത്തിയത്.
സമഗ്ര മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കുന്നതിനായാണ് വാർഡുകൾ തോറും രണ്ട് വീതം എന്ന നിലയിൽ ഹരിതകർമ്മ സേനാംഗങ്ങളെ നിയോഗിച്ചത്. എന്നാൽ, യൂസർഫീയുടെ പ്രാധാന്യവും മറ്റും വേണ്ടവിധം ഉൾക്കൊള്ളാത്ത തദ്ദേശസ്ഥാപനങ്ങൾ അതിന് വേണ്ടത്ര പരിഗണന നൽകിയില്ല. 60 രൂപവരെയെന്ന് സർക്കാർ ഉത്തരവുണ്ടായിരുന്നിട്ടു കൂടിയും 15 മുതൽ 30രൂപവരെ മാത്രമാണ് യൂസർഫീയായി നിശ്ചയിച്ചത്.
കാൽനടയായി കാടും മലയുമെല്ലാം കയറിയിറങ്ങി ഓരോ വീടുകളിലുമെത്തി പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ ശേഖരിക്കുന്ന സേനാംഗങ്ങൾക്ക് ഇതുമൂലം കഷ്ടപ്പാടിനനുസൃതമായ വരുമാനം ലഭിച്ചില്ല. ഇവർക്ക് വേതനം നൽകുന്നതിന് ഒരു വർഷത്തോളം സർക്കാർ വയബിലിറ്റി ഗ്യാപ് ഫണ്ടും (വിജിഎഫ്) അനുവദിച്ചെങ്കിലും യൂസർഫീയുടെ കുറവ് മൂലം ഹരിതകർമ്മ സേനയ്ക്ക് കൃത്യമായ ജീവിതമാർഗ്ഗം ലഭിക്കുന്നതിന് അതൊന്നും ഗുണകരമായില്ല. ഈ പശ്ചാത്തലത്തിലാണ് യൂസർഫീ ഉയർത്താൻ തീരുമാനിച്ചത്. യൂസർഫീ വാങ്ങുന്നതും മാലിന്യശേഖരണ പ്രക്രിയകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഡിജിറ്റലൈസ് ചെയ്യണമെന്നും സർക്കാർ ഉത്തരവിൽ നിർദ്ദേശിക്കുന്നു.