തൊടുപുഴ: സമൂഹത്തിൽ തികച്ചും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗമായ ഭിന്നശേഷിക്കാർക്കായി സാമൂഹ്യ നീതി വകുപ്പ് നടത്തിവരുന്ന തുടർ പദ്ധതിയായ മാതൃജോതിയ്ക്കായി ഗുണഭോക്തക്കളെ കണ്ടെത്തുന്നതിന് ജില്ലയിലെ അർഹരായ ഗുണഭോക്താക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
വൈകല്യങ്ങളുള്ള അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിന് (രണ്ട് വയസ്സാകുന്നതു വരെ) പ്രതിമാസം രണ്ടായിരം രൂപ നൽകുന്ന പദ്ധതിയാണിത്. ബി പി എൽ വിഭാഗത്തിലുള്ളവർക്കായിരിക്കും അപേക്ഷിക്കാനുള്ള അർഹത. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്ത് മൂന്ന് മാസത്തിനകം ഡിസ്ചാർജ്ജ് സർട്ടിഫിക്കറ്റ്, വൈകല്യ സർട്ടിഫിക്കറ്റ്, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, വരുമാനസർട്ടിഫിക്കറ്റ്, ബാങ്ക് അക്കൌണ്ട് പാസ് ബുക്കിന്റ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഗുണഭോക്താവിന്റെ വാർഷിക വരുമാനം 1 ലക്ഷം രുപയിൽ കവിയാൻ പാടില്ല.
ധനസഹായം ലഭിക്കുന്നതിന് നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോറം പൂരിച്ചിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ (മൂന്നാം നില) പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നൽകേണ്ടതാണ്. അപേക്ഷ ഫോറവും വിശദ വിവരങ്ങളും www.sjd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ് . കുടുതൽ വിവരങ്ങൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക.ഫോൺ 04862228160