തൊടുപുഴ: ബോട്ട് സർവീസ് ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് മലങ്കര ടൂറിസം ഹബ്ബിനോട് അനുബന്ധിച്ച് വർഷങ്ങൾക്ക് മുൻപ് ബോട്ട് ജെട്ടി നിർമ്മിച്ചത്.എന്നാൽ അധികൃതരുടെ നിസംഗതയിൽ കാലമേറെ കഴിഞ്ഞിട്ടും മലങ്കരയിലേക്ക് ഒരു കൊതുമ്പ് വള്ളം പോലും എത്തിയില്ല. ഇനിയെന്ന് എത്തുമെന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല. ബോട്ട് ജെട്ടി നിർമ്മാണത്തിന് വിവിധ ഘട്ടങ്ങളിലായി 25 ലക്ഷത്തോളം രൂപയാണ് അധികൃതർ പൊടിച്ചത്. നവീകരണത്തിന്റേയും സുരക്ഷ ഒരുക്കുന്നതിന്റേയും പേരിൽ ലക്ഷങ്ങൾ വേറേയും.ബോട്ട് ജെട്ടിയിൽ നിന്ന് ആരംഭിച്ച് മലങ്കര ഹബ്ബ്-മാത്തപ്പാറ- ശങ്കരപ്പള്ളി ചുറ്റി ഏകദേശം 2 മണിക്കൂറോളം സമയം കാഴ്ച്ചകൾകണ്ട് തിരികെയെത്തുന്ന സർവീസാണ് ഇവിടെ വിഭാവന ചെയ്തിരുന്നത്.50 മുതൽ 100 ആളുകൾക്ക് വരെ ഒരുമിച്ച് യാത്ര ചെയ്യാവുന്ന ബോട്ടിൽ ഭക്ഷണം,പാട്ട്,സിനിമ ഉൾപ്പടെയുള്ള വിനോദങ്ങളും ലക്ഷ്യമിട്ടിരുന്നു.എന്നാൽ സുരക്ഷ, വെള്ളം മലിനമാകും എന്നുള്ള മുടന്തൻ സാങ്കേതിക തടസങ്ങൾ നിരത്തി അധികൃതർ ഈ പദ്ധതിയോട് മുഖം തിരിച്ചു.

സംസ്ഥാന ജല ഗതാഗത വകുപ്പ്,കേരള ടൂറിസം ഡവലപ്പ്മെന്റ് കോർപ്പറേഷൻ,മത്സ്യ ഫെഡ് ഇത്തരം സർക്കാർ സംവീധാനങ്ങൾ സംസ്ഥാനത്ത് വിവിധ ടൂറിസം കേന്ദ്രങ്ങളിൽ വെള്ളം മലിനമാകാത്ത ബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്. എന്നാൽ ഇത്തരം പരീക്ഷണങ്ങൾ മലങ്കരയിൽ ഒരുക്കാൻ ആരും താല്പര്യം കാണിക്കുന്നുമില്ല.

സ്വകാര്യ പങ്കാളിത്തം

ഉറപ്പാക്കാം

ബോട്ട് സർവീസ് ആരംഭിക്കുന്നതിന് സർക്കാരിന് സാമ്പത്തിക തടസമുണ്ടെങ്കിൽ കൃത്യമായ പ്ലാനിങ്ങിൽ സ്വകാര്യ പങ്കാളിതത്തോടെ പദ്ധതി പ്രാവർത്തികമാക്കാൻ കഴിയും.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നുമുണ്ട്. മലങ്കര ഹബ്ബിന്

മുന്നേറാം

മലങ്കര ഹബ്ബിൽ ബോട്ട് സർവീസ് സജ്ജമായാൽ വിവിധ മേഖലകളിൽ നിന്നുള്ള സഞ്ചാരികൾ ഇവിടേക്ക് എത്തും.കുട്ടികളുടെ പാർക്ക്,അണക്കെട്ട് സന്ദർശനം,ചുറ്റിലുമുള്ള പ്രകൃതി കാഴ്ച്ച എന്നിങ്ങനെയുള്ള നാമമാത്രമായ സൗകര്യങ്ങൾ മാത്രമാണ് നിലവിൽ ഇവിടെയുള്ളത്. എങ്കിലും ലോക്ക് ഡൗണിന് മുൻപ് ജനങ്ങൾ കുടുംബസമേതമായും സൗഹൃദ കൂട്ടങ്ങളുമായി ഇവിടേക്ക് ഒഴുകി എത്തിയിരുന്നു.ദുബായ് മോഡൽ, സംസ്ഥാനത്ത് മറ്റൊരിടത്തും ഇല്ലാത്തത് എന്നൊക്കെ പ്രഖ്യാപിച്ച്

മൂന്ന് കോടിയോളം രൂപ മുടക്കി നിർമ്മിച്ച എൻട്രൻസ് പ്ലാസ എന്ത് ചെയ്യണം എന്ന് അറിയാതെ അധികൃതരെ ആശങ്കപ്പെടുത്തുന്നുമുണ്ട്.

പ്രഖ്യാപനം മാത്രം

മലങ്കര ഹബ്ബിൽ ബോട്ട് സർവീസ് ആരംഭിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്;നടപടികൾ പൂർത്തീകരിച്ച് ഉടൻ പ്രവർത്തന സജ്ജമാക്കുമെന്ന് അന്നത്തെ കളക്ടർ ഹബ്ബിന്റെ ഉദ്‌ഘാടന വേദിയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തുടർ പ്രവർത്തനങ്ങളോട് അധികൃതർ മുഖം തിരിച്ചു.