ചെറുതോണി: കഴിഞ്ഞ പഞ്ചായത്ത് ഭരണത്തിൽ വാഴത്തോപ്പിൽ നടന്ന തൊഴിലുറപ്പ് പദ്ധതിയിലെ തട്ടിപ്പിനെകുറിച്ച് ഉന്നതല അന്വേഷണംവേണമെന്ന് എൽ.ഡി.എഫ് വാഴത്തോപ്പ് പഞ്ചായത്ത് ഭരണ സമിതി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2019, 2020 സാമ്പത്തിക വർഷത്തിൽ യു.ഡി.എഫ് ഭരണസമിതി നടപ്പിലാക്കിയ തൊഴുത്ത് നിർമ്മാണ പദ്ധതിയിലാണ് ക്രമക്കേട് കണ്ടെത്തിയിട്ടുളളത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീര കർഷകർക്ക് തൊഴുത്ത് നിർമ്മാണത്തിന് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുളള പദ്ധതിയിലാണ് വൻവെട്ടിപ്പു നടന്നത്. വിജിലൻസ്, തൊഴിലുറപ്പ് ജില്ലാകോർഡിറ്റേർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ തുടങ്ങി മൂന്ന് തലത്തിലുള്ള അന്വേഷണം നടത്തി. പദ്ധതിയിലെ ഗുണഭോതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം നടത്തിയത്. മൂന്ന് അന്വേഷണത്തിലും വ്യാപകമായ അഴിമതിയും ക്രമക്കേടും കണ്ടെത്തിയിട്ടുണ്ടെങ്കിലും കുറ്റക്കാരായവരെ ശിക്ഷിക്കുന്നതിനാവശ്യമായ നടപടി ഇതുവരേയും എടുത്തിട്ടില്ല. 300 ഗുണഭോക്താക്കളിൽ ഒരാൾക്ക്‌പോലും തറകെട്ടുന്നതിനുളള കല്ല് നൽകിയിട്ടില്ല. കല്ല് നൽകിയില്ലെങ്കിൽ പകരം 14667 രൂപ ഗുണഭോക്താവിന് നൽകണം ഇതും നൽകിയിട്ടില്ലന്ന് അന്വേഷണം നടത്തിയവർ കണ്ടെത്തി. കളക്ടർക്ക് റിപ്പോർട്ട് നല്കിയിട്ടുണ്ട്. ഈ ഇനത്തിൽ മാത്രം 40 ലക്ഷം രൂപയുടെ ക്രമക്കേടുണ്ടായിട്ടുണ്ട്. ഗുണഭോക്താക്കളിൽ പലർക്കും പല വിധത്തിലുളള ഉപകരണങ്ങൾ ലഭിച്ചിട്ടില്ലന്ന് അന്വേഷണ ഏജൻസികൾക്ക് പരാതിക്കാർ മൊഴി നൽകിയിട്ടുണ്ട്. ഇഷ്ടിക, പാറപ്പൊടി, മെറ്റൽ, സിമന്റ്, പൈപ്പ്, കല്ല്, എന്നിങ്ങനെയാണ് മെറ്റീരിയൽസ് നൽകേണ്ടിയിരുന്നത്. ഒരോരുത്തർക്കും ഓരോ വിധത്തിലുളള മെറ്റീരിയൽസ് കുറച്ചാണ് നൽകിയത്. തൊഴിലാളികൾക്കുകോടുക്കേണ്ട കൂലി അക്കൗണ്ടിൽ നൽകുമെന്നറിയിച്ചിരുന്നെങ്കിലും പലർക്കും ഇതു നൽകിയിട്ടില്ല. തൊഴിലുറപ്പ് നിയമം അനുസരിച്ച് പദ്ധതി നിർമ്മാണം പൂർത്തിയായാൽ അവിടെബോർഡ് സ്ഥാപിക്കണമെന്നുണ്ട്. എന്നാൽ തൊഴുത്ത് നിർമ്മാണ പദ്ധതിയിൽ പലയിടത്തുംബോർഡ് സ്ഥാപിച്ചിട്ടില്ല. ഇക്കാര്യത്തിലും ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ട്. സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്ത് ലക്ഷങ്ങളുടെ വെട്ടിപ്പു നടത്തിയവരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരുന്നതിനുളള നടപടികൾ അടിയന്തരമായി ഉണ്ടാകണമെന്ന് വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ജോർജ്ജ്‌പോൾ, ജനപ്രതിനിധികളായ മിനിജേക്കബ്, പ്രഭാ തങ്കച്ചൻ, സി ജി ചാക്കോ, ടി ഇ നൗഷാദ്, നിമ്മി ജയൻ എന്നിവർ ആവശ്യപ്പെട്ടു.