കുടയത്തൂർ: ശുദ്ധജല മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിന് ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന 'പൊതു ജലാശയങ്ങളിലെ മത്സ്യ വിത്ത് നിക്ഷേപം'പദ്ധതി കുടയത്തൂർ പഞ്ചായത്തിൽ നടത്തി. മലങ്കര ജലാശയത്തിലെ വയനക്കാവ് കടവിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തു.ജലമലിനീകരണം,ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റം, കാലാവസ്ഥാ വ്യതിയാനം,അമിത ചൂഷണം എന്നീ കാരണങ്ങളാൽ നശിച്ച് കൊണ്ടിരിക്കുന്ന ഉൾനാടൻ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുക, ഉൾനാടൻ മത്സ്യ ബന്ധനത്തെ ആശ്രയിച്ച് ജീവിക്കുന്ന ആളുകളുടെ ജീവിത നിലവാരം ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പൊതു ജലാശയത്തിൽ മത്സ്യവിത്ത് നിക്ഷേപം പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് അംഗം ബിന്ദു സിബി അദ്ധ്യക്ഷത വഹിച്ചു.ഫിഷറീസ് അസി. ഡയറക്ടർ ഡോ.ജോയിസ് എബ്രഹാം റിപ്പോർട്ട് അവതരിപ്പിച്ചു.ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരായ അൻസാർ, അജിത്ത്,പ്രദീഷ്,ഫിഷറീസ് എഫ്.ഡി.ഒ. രാജു.സി.പ്രമോട്ടർ ചന്ദ്രകുമാർ എന്നിവർ സംസാരിച്ചു.മത്സ്യ തൊഴിലാളികളും ഉദ്ഘാടന യോഗത്തിൽ പങ്കെടുത്തു.പോളച്ചിറ നാഷ്ണൽ ഫിഷ് സീഡ് ഫാമിൽ നിന്നുള്ള രണ്ട് ലക്ഷം മത്സ്യ കുഞ്ഞുങ്ങളെയാണ് കുടയത്തൂരിൽ നിക്ഷേപിച്ചത്