sabeena
പി.പി.ഇ കിറ്റ് ധരിച്ച് ഇരുചക്ര വാഹനത്തിൽ കുട്ടിയുമായി ആശുപത്രിയിലേക്ക് പോകുന്ന കൗൺസിലർ സബീന ബിഞ്ചു

തൊടുപുഴ: കൊവിഡ് പരിശോധനയ്ക്കായി പനി ബാധിച്ച കുട്ടിയെ പി.പി.ഇ കിറ്റ് ധരിച്ച് ഇരു ചക്രവാഹനത്തിൽ ആശുപത്രിയിലെത്തിച്ച് നഗരസഭാ കൗൺസിലർ. തൊടുപുഴ നഗരസഭയിലെ 17-ാം വാർഡ് കൗൺസിലർ സബീന ബിഞ്ചുവാണ് തന്റെ വാർഡിലെ കൊവിഡ് രോഗ ലക്ഷണങ്ങളുള്ള ആറ് വയസുകാരിയെ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ പിതാവ് കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയും ആശുപത്രിയിൽ നിൽക്കുകയാണ്. കുട്ടിയുടെ വല്ല്യമ്മയാണ് ഒപ്പമുണ്ടായിരുന്നത്. കുട്ടിക്കും പനി ശ്രദ്ധയിൽപ്പെട്ടതോടെ കുട്ടിയുടെ മാതാവ് വിവരം കൗൺസിലറെ അറിയിക്കുകയായിരുന്നു. രാവിലെ ഏഴ് മണിയായതിനാൽ കുട്ടിയെ പരിശോധനയ്ക്ക് കൊണ്ടു പോകാൻ വാഹനങ്ങൾ കിട്ടിയില്ലെന്ന കാര്യവും ഇവർ കൗൺസിലറെ അറിയിച്ചു. വീട്ടിൽ മുതിർന്ന മറ്റാരും ഇല്ലാത്തതിനാൽ കൗൺസിലർ തന്നെ കുട്ടിയെ തന്റെ വാഹനത്തിൽ ആശുപത്രിയിൽ കൊണ്ടുപോകാൻ സന്നന്ധത അറിയിക്കുകയായിരുന്നു. പരിശോധനയിൽ കുട്ടിക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. കുട്ടിക്ക് പനിയുണ്ടായിരുന്നതിനാലും ആ സമയത്ത് മറ്റ് വാഹനങ്ങളിൽ കുട്ടിയെ തനിച്ചു വിടേണ്ടല്ലോ എന്ന് കരുതിയുമാണ് താൻ തന്നെ പി.പി.ഇ കിറ്റ് ധരിച്ച് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് സബീന ബിഞ്ചു പറഞ്ഞു.