മറയൂർ: സസ്പെന്റ് ചെയ്യപ്പെട്ട തൊഴിലാളിക്ക് താമസസ്ഥലം ഒഴിഞ്ഞ്പോകാൻ നോട്ടീസ് നൽകിയതുമായി ബന്ധപ്പെട്ട് എസ്റ്റേറ്റ് മാനേജർക്ക് വെട്ടേറ്റു. തലായാർ വുഡ്ബ്രയർ ഗ്രൂപ്പിന്റെ ർ തലയാർ പാമ്പൻമല ഡിവിഷനിലെ അസിസ്റ്റന്റ് മാനേജർ സാജു (57)വിനാണ് കൈക്കും തലയ്ക്കും വെട്ടേറ്റത്.എസ്റ്റേറ്റിലെ തൊഴിലാളിയും താമസക്കാരനുമായ ബാലമുരുകനാണ് ആക്രമിച്ചതെന്ന് അസിസ്റ്റന്റ് മാനേജർ പൊലീസിന് മൊഴിനൽകി.എസ്റ്റേറ്റിലെ തൊഴിലിൽ നിന്നും ദിവസങ്ങൾക്ക് മുൻപ് ബാലമുരുകനെ സസ്‌പെന്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം എസ്റ്റേറ്റിലെ തൊഴിലാളി ലയങ്ങളിൽ ജോലിയിൽ നിന്നും റിട്ടയർ ചെയ്തവരും മറ്റും കെട്ടിടം ഒഴിഞ്ഞുപോകണം എന്ന് ആവശ്യപ്പെട്ട് ഇവരുടെ താമസസ്ഥലങ്ങളിൽ എത്തി നോട്ടീസ് നൽകിയിരുന്നു.
ജോലിയിൽ നിന്നും സസ്‌പെന്റ് ചെയ്ത ബാലമുരുകനും നോട്ടീസ് നൽകുന്നതിനായി മാനേനേജർ വിളിച്ചുവരുത്തിയപ്പോൾ വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് എസ്റ്റേറ്റ് അധികൃതർ പറയുന്നത്. പരിക്കേറ്റ എസ്റ്റേറ്റ് മാനേജരെ മറയൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി അടിമാലിയിലേക്കും കൊണ്ടുപോയി. ഒളിവിൽപോയ മുരുകനെ പൊലീസ് തിരയുന്നു.