തൊടുപുഴ: നഗരത്തിലൂടെ നടക്കുന്നവർ സൂക്ഷിക്കുക... എപ്പോൾ വേണമെങ്കിലും നിങ്ങൾ സ്ലാബില്ലാത്ത ഓടയിൽ വീഴാം. നഗരത്തിന്റെ പല ഭാഗത്തും ഓടകളുടെ മുകളിലെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നു കിടക്കുന്നത് കാൽനടയാത്രക്കാർക്ക് അപകടക്കെണിയാവുകയാണ്. ഇന്നലെ കിഴക്കേയറ്രത്ത് ഒരു വൃദ്ധൻ തകർന്ന ഓടയ്ക്കരികിൽ കുഴഞ്ഞു വീണ് മരിച്ചിരുന്നു. വീഴ്ചയിൽ ഇദ്ദേഹത്തിന്റെ തല തകർന്ന സ്ലാബിന്റെ കമ്പിയിൽ ഇടിച്ച് ഗുരുതര പരിക്കേറ്റിരുന്നു. മരണ കാരണം തലയിടിച്ചതാണോയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ വ്യക്തമാകൂ. ഓടയുടെ സ്ലാബുകൾ പലതും തകർന്നു കിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായെങ്കിലും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല.കിഴക്കേയറ്റത്തെ സ്ലാബ് തകർന്ന് ഓട തുറന്ന നിലയാണ്. വലിയ കമ്പികളും ഇവിടെ ഉയർന്ന് നിൽക്കുന്നുണ്ട്. ഇതിലൊരു കമ്പിയിലാണ് വൃദ്ധന്റെ തലയിടിച്ചത്. ഇതേക്കുറിച്ച് പലതവണ അധികാരികൾക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് വ്യാപാരികൾ പറയുന്നു. ഇതിനു പുറമേ, ചില സ്ലാബുകളുടെ ഒരു വശം ഉയർന്നു നിൽക്കുന്നതും, ചിലയിടത്ത് സ്ലാബുകൾക്കിടയിൽ വിടവ് ഉള്ളതും അപകടസാധ്യത വർദ്ധിപ്പിക്കുകയാണ്. രാത്രികാലങ്ങളിലാണ് ഇതു ഏറെ അപകട ഭീഷണി ഉയർത്തുന്നത്. വെളിച്ചക്കുറവ് മൂലം വഴിയാത്രക്കാർക്ക് സ്ലാബ് തകർന്നു കിടക്കുന്നത് പെട്ടെന്ന് കാണാനാകാതെ വരും. ഇതു അപകടത്തിനു ഇടയാക്കുകയും ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. റോഡരികിലേക്ക് ഒതുക്കി നിർത്താൻ ശ്രമിക്കുന്നതിനിടെ വാഹനത്തിന്റെ ചക്രം സ്ലാബിനിടയിൽ കുടുങ്ങിയ സംഭവങ്ങളും മുമ്പ് ഉണ്ടായിട്ടുണ്ട്. നഗരത്തിലെ പല റോഡുകളിലും വശങ്ങളിലുള്ള ഓടകളുടെ മേൽമൂടികളെയാണ് ഏറെയും നടപ്പാതയായി ഉപയോഗിക്കുന്നത്. അതിനാൽ, നടപ്പാതകളിലെ അപകടാവസ്ഥയിലായ സ്ലാബുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.