കട്ടപ്പന: നഗരസഭയിലെ കൊവിഡ് വാക്‌സിനേഷൻ സെന്ററിൽ വൻ ആൾക്കൂട്ടം. കട്ടപ്പന ടൗൺ ഹാളിൽ ഇന്നലെ രണ്ടാം ഡോസിന് 350 പേർക്കുള്ള വാക്‌സിനാണ് സ്റ്റോക്കുണ്ടായിരുന്നത്. എന്നാൽ രാവിലെ അഞ്ച് മണി മുതൽ അഞ്ഞൂറിന് മുകളിൽ ആളുകളാണ് ഇവിടെ എത്തിയത്. പ്രായമായവരടക്കം നിരവധി പേർ ഇതോടെ വാക്‌സിനെടുക്കാതെ മടങ്ങിപോവേണ്ട അവസ്ഥയുമുണ്ടായി. കട്ടപ്പന പൊലീസ് സ്ഥലത്തെത്തിയാണ് ടൗൺ ഹാളിലെത്തിയ ജനങ്ങളെ നിയന്ത്രണ വിധേയമാക്കിയത്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥരെയും ചിലർ അക്രമിക്കുന്ന സംഭവമുണ്ടായി. തിക്കിലും തിരക്കിലുംപെട്ട് ചിലർക്ക് പരിക്കും പറ്റി. നഗരസഭാ ആരോഗ്യ വിഭാഗമാണ് വാക്‌സിനേഷൻ ക്യാമ്പിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കുന്നത്. എന്നാൽ പല ആലോചനകളും ഇവരേ അറിയിക്കുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. കട്ടപ്പന ടൗൺ ഹാളിലേ വാക്‌സിൻ വിതരണത്തിന്റെ കാര്യത്തിൽ വലിയ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ഏതാനും കൗൺസിലർമാർ പിൻവാതിലിലൂടെ ടോക്കൺ കൈവശപ്പെടുത്തിയതും പ്രധിഷേധത്തിന് കാരണമായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വാക്‌സിനേഷൻ ക്യാമ്പ് കൂടുതൽ ആശങ്ക ഉളവാക്കുന്നുണ്ട്.