തൊടുപുഴ: നഗരത്തിലെ സ്ലാബുകൾ തകർന്ന ഓടകൾ നന്നാക്കാൻ നടപടിയുമായി നഗരസഭ. കാഞ്ഞിരമറ്റം ജംഗ്ഷനിൽ ഓടയ്ക്ക് മീതെയുളള ഒടിഞ്ഞ സ്ലാബിൽ തട്ടിവീണ് വൃദ്ധൻ മരിക്കാനിടയായ സംഭവം അത്യന്തം വേദനാജനകമാണെന്നും ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഫുട്പാത്തിലെ കൈയേറ്റങ്ങളും അനധികൃത കച്ചവടങ്ങളും നഗരസഭ ഉടനെ ഒഴിപ്പിക്കും. അപകടങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് അടിയന്തരമായി ഒടിഞ്ഞ സ്ലാബുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനും ഫുട്പാത്തിൽ സുരക്ഷാവേലികൾ നിർമ്മിക്കുന്നതിനും പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകി. റോഡിന് കുറുകെയുളള സീബ്രാ ലൈനുകൾ മാഞ്ഞുപോയിട്ടുള്ളത് പുനഃസ്ഥാപിക്കുന്നതിനും ആവശ്യമുള്ള മറ്റ് സ്ഥലങ്ങളിൽ പുതിയത് വരയ്ക്കുന്നതിനും നടപടികൾ സ്വീകരിക്കും. ഇത്തരം സംഭവങ്ങൾ പൂർണമായും ഒഴിവാക്കുന്നതിന് ദീർഘകാല പദ്ധതികൾ ആവിഷ്‌കരിക്കുന്നതു സംബന്ധിച്ച് ആലോചിക്കുന്നതിന് 22ന് പൊലീസ്, പൊതുമരാമത്ത് വകുപ്പുകളെ പങ്കെടുപ്പിച്ച് യോഗം ചേരാനും തീരുമാനിച്ചതായി ചെയർമാൻ അറിയിച്ചു.