തൊടുപുഴ: ഹരിതകർമ്മ സേനയ്ക്ക് യൂസർഫീ കൃത്യമായി നൽകുന്ന കുടുംബങ്ങളെ ആദരിക്കണമെന്ന സർക്കാർ നിദ്ദേശം നടപ്പാക്കാൻ കർമ്മപരിപാടികൾ ആസൂത്രണം ചെയ്യാനൊരുങ്ങുകയാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ. രാജാക്കാട് ഗ്രാമപഞ്ചായത്താണ് ഈ നൂതനമായ ഈ പരിപാടിയ്ക്ക് ജില്ലയിൽ തുടക്കമിടുന്നത്.പുറപ്പുഴ, ആലക്കോട് ഗ്രാമപ്പഞ്ചായത്തുകളും മുടങ്ങാതെ യൂസർഫീ നൽകി ഹരിത കർമ്മ സേനയോട് സഹകരിക്കുന്നവരെ ആദരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. യൂസർഫീ ശേഖരിക്കുന്നതിന് ഹരിതകർമ്മസേനയ്‌ക്കൊപ്പം നിൽക്കുന്ന വാർഡുകളിലെ ജനപ്രതിനിധികളെ ജില്ലാതലത്തിൽ ഹരിതകേരളവും ശുചിത്വ കേരളവും ചേർന്ന് ആദരിക്കും.
രാജാക്കാട്ട്
വീടുകൾക്ക് ഹരിത
സ്റ്റിക്കറുകൾ
എല്ലാ കുടുംബങ്ങളും യൂസർഫീ നൽകുന്ന അഞ്ച് വാർഡുകളാണ് രാജാക്കാട് പഞ്ചായത്തിലുള്ളത്. ഈ വാർഡുകളിലെ എല്ലാ കുടുംബങ്ങളെയും ആദരിക്കുന്നതിനാണ് പഞ്ചായത്ത് തീരുമാനം. എന്നിരുന്നാലും ആദ്യഘട്ടമായി പഞ്ചായത്തിലെ 13 വാർഡുകളിലെയും കൃത്യമായി യൂസർഫീ നൽകുന്ന 100 കുടുംബങ്ങളെയും വ്യാപാരസ്ഥാപനങ്ങളെയുമാണ് ആദരിക്കുന്നത്. ഇതനുസരിച്ച് പഞ്ചായത്തിലെ 1300വീടുകൾക്കും 430സ്ഥാപനങ്ങൾക്കുമാണ് ഹരിത സ്റ്റിക്കറുകൾ നൽകുക. പ്രസിഡന്റ് ,സെക്രട്ടറി, വാർഡ് മെംബർ എന്നിവരുടെ നേതൃത്വത്തിൽ വീടുകളിലും സ്ഥാപനങ്ങളിലുമെത്തിയാകും സ്റ്റിക്കർ പതിക്കുക.സമ്പൂർണ്ണ യൂസർഫീ വാർഡുകളിലെ ഉപഭോക്താക്കളെ ആദരിക്കുന്നത് മറ്റ് കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും പ്രചോദനമാകുമെന്നാണ് കരുതുന്നതെന്ന് പ്രസിഡന്റ് സതി കുഞ്ഞുമോൻ പറഞ്ഞു.