തൊടുപുഴ : എസ് എസ് എൽ സി ക്കും പ്ലസ്സ്ടുവിനും 90 ശതമാനം മാർക്ക് വാങ്ങിയ നിർദ്ധന കുടുംബാംഗമായ വിദ്യാർത്ഥിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് വിദ്യാഭ്യാസ വായ്പ അനുവദിച്ചു.
വെള്ളത്തൂവൽ തോക്കുപാറ സ്വദേശി മനോഹരന്റെ പരാതിയിൽ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഐ സി ഐ സി ഐ ബാങ്ക് അടിമാലി ശാഖാമാനേജറിൽ നിന്നും അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് മൂന്ന് ലക്ഷം രൂപയുടെ വായ്പ അനുവദിച്ചത്.
പരാതിക്കാരന്റെ മകന് തമിഴ് നാട്ടിലെ ഈറോഡിലുള്ള എഞ്ചിനീയറിംഗ് കോളേജിൽ കെമിക്കൽ എഞ്ചിനീയറിംഗ് പഠിക്കാനാണ് വായ്പക്ക് അപേക്ഷ നൽകിയത്. അപേക്ഷ പരിശോധിച്ച ബാങ്ക് വായ്പ അനുവദിക്കാമെന്ന് വാക്കാൽ ഉറപ്പു നൽകിയതായി പരാതിയിൽ പറയുന്നു.
48,000 രൂപയുടെ വാർഷിക വരുമാന സർട്ടിഫിക്കേറ്റാണ് പരാതിക്കാരൻ ബാങ്കിൽ ഹാജരാക്കിയത്. എന്നാൽ വാർഷിക വരുമാനം കുറവായതിനാൽ വായ്പ അനുവദിക്കാൻ കഴിയില്ലെന്ന് ബാങ്ക് പിന്നീട് നിലപാടെടുത്തു. 4,50,000 രൂപയുടെ വരുമാന സർട്ടിഫിക്കേറ്റ് ഹാജരാക്കാൻ ബാങ്ക് നിർദ്ദേശിച്ചെങ്കിലും മറ്റ് വരുമാന മാർഗ്ഗമില്ലാത്തതിനാൽ സർട്ടിഫിക്കേറ്റ് ലഭിച്ചില്ല.
ഇതിനിടയിൽ ലോൺ അനുവദിക്കാമെന്ന ബാങ്കിന്റെ ഉറപ്പിൽ പലരിൽ നിന്നും പണം കടംവാങ്ങി മകനെ ഈറോഡിലുള്ള കോളേജിൽ ചേർത്തു. ഒടുവിൽ ബാങ്ക് വായ്പ നിഷേധിച്ചതോടെ മകന്റെ പഠനം മുടങ്ങുന്ന അവസ്ഥയായി. ഇതിനെ തുടർന്നാണ് പരാതിക്കാരൻ കമ്മീഷനെ സമീപിച്ചത്. വായ്പ അനുവദിച്ചതായി ബാങ്ക് കമ്മീഷനെ അറിയിച്ചു.