തൊടുപുഴ: ഇരുമ്പുപാലത്ത് കടയുടെയുള്ളിൽ ആത്മഹത്യ ചെയ്ത വ്യാപാരിയുടെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മരണമടഞ്ഞ വിനോദിന്റെ കുട്ടികളുടെ പഠനച്ചിലവും സർക്കാർ വഹിക്കണം.കേരളത്തിലെ വ്യാപാരികളുടെ തകർച്ച നോട്ട് നിരോധനം മുതൽ തുടങ്ങിയതാണ്. അതിൽ നിന്നെല്ലാം കരകയറി വരുമ്പോഴാണ് കൊറോണ പിടിമുറുക്കുന്നത്.മറ്റു വരുമാനമാർഗമില്ലാത്ത വ്യാപാരികൾ കടകൾ അടഞ്ഞു കിടക്കുന്ന സമയത്തെ ബാങ്ക് ലോണുകളുടെ പലിശകൾ അടക്കുന്നത്തിനോ വൈദ്യുത ചാർജ് അടയ്ക്കുന്നതിനോ വാടക കൊടുക്കുന്നതിനോ മാർഗമില്ലാതെ ആത്മഹത്യയിലേക്ക് നീങ്ങുന്നു. അതിനുദാഹരണമാണ് ഇരുമ്പുപാലത്ത് സംഭവിച്ചത്. സർക്കാരിന്റെ തെറ്റായ കൊവിഡ് നിയന്ത്രണങ്ങൾ മൂലം കടകൾ തുറക്കാൻ പറ്റുന്നില്ല, തുറക്കുന്ന കടകളിൽ വ്യാപാരവും കുറവ്.വ്യാപാരമേഖല തകർച്ചയിൽ നിൽക്കുന്ന സാഹചര്യത്തിൽ ധനകാര്യസ്ഥാപനങ്ങളെ കയറൂരി വിടാതെ വായ്പ്പാ തിരിച്ചടവിന് ഇളവ് അനുവദിക്കുകയും, വൈദ്യുത ഫിക്‌സഡ് ചാർജ്ജ് ഒഴിവാക്കുകയും കെട്ടിട മുറികളിലെ വാടക കുറച്ചു തരുകയും വ്യാപാരികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കുകയും ചെയ്ത് കേരളത്തിലെ വ്യാപാരമേഖലയെ സംരക്ഷിക്കണമെന്നും സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ പ്രസിഡന്റ് രാജു തരണിയിൽ, ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ . പി ജി രാമചന്ദ്രൻ നായർ, വൈസ് പ്രസിഡന്റ്മാരായ ടോമി സെബാസ്റ്റ്യൻ, ശ്രീ. അജീവ്. പി, ശ്രീ.സാലി എസ്.മുഹമ്മദ്, ജോയിന്റ് സെക്രട്ടറിമാരായ ശ്രീ ഷെറീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.