ചെറുതോണി: പരാധീനതകൾക്ക് നടുവിൽ നിൽക്കുമ്പോഴും പഴയരിക്കണ്ടം ഗവൺമെന്റ് ഹൈസ്‌കൂൾ നൂറുമേനി വിജയം നേടി. 2011ലാണ് ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ച്ചെയ്യുന്നത്. 2021ൽ എത്തിയപ്പോൾ പത്തുവർഷം എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി ശ്രദ്ധേയമാവുകയാണ് ഈ ഗവൺമെന്റ് ഹൈസ്‌കൂൾ. ഒരു സർക്കാർ സ്‌കൂൾ എന്ന നിലയിൽ ഏറെ പരിമിതികളോടെയായിരുന്നു സ്‌കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് ഹൈസ്‌കുളിന് അനുമതി ലഭിച്ചപ്പോൾ ക്ലാസ്സുകൾ നടത്താൻ ആവശ്യത്തിന് കെട്ടിടം ഉണ്ടായിരുന്നില്ല. എന്നാൽ കൂട്ടായ ശ്രമങ്ങളുടെ ഭാഗമായി സർക്കാരിന്റെ വിവിധ പദ്ധതികളിൽ നിന്ന് പണം സമാഹരിച്ച് കെട്ടിടങ്ങൾ നിർമ്മിച്ച് ഇപ്പോൾ കുട്ടികൾക്ക് മികവുറ്റ പഠന സാഹചര്യങ്ങളാണുള്ളത്. അദ്ധ്യാപക രക്ഷകർതൃ സംഘടനയുടെ പ്രവർത്തനഫലമായി, എസ്.പി.സി, ജെ.ആർ.സി, സ്‌കൂൾബാന്റ് വിവിധ ക്ലബ്ബുകൾ, എന്നിവയുടെ പ്രവർത്തനവും സുഗമമായി നടന്നു വരുന്നു. ജില്ലയിലെ ഏറ്റവും മികച്ച ഹൈസ്‌കൂളിനുള്ള അവർഡും പഴയരിക്കണ്ടം സ്‌കൂൾ കഴിഞ്ഞ വർഷം സ്വന്തമാക്കി. 10 വർഷം തുടർച്ചയായി എസ്.എസ്.എൽ.സിക്ക് മുഴുവൻ കുട്ടികളേയും വിജയിപ്പിക്കാൻ പരിശ്രമിച്ച അദ്ധ്യാപകരേയും പി.റ്റി.എ ഭാരവാഹികളേയും നാട്ടുകാരും രക്ഷകർത്താക്കളും അഭിനന്ദിച്ചു.