കട്ടപ്പന: ജില്ലയിലെ വിവിധ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിലെല്ലാം വൻ തിരക്ക്. യാതൊരു സാമൂഹ്യഅകലവും പാലിക്കാതെ ജനം ഇടിച്ചു കയറുന്ന ഇവിടം രോഗ ഉറവിട കേന്ദ്രങ്ങളാകുമോയെന്ന ആശങ്ക ശക്തമാണ്. കട്ടപ്പന, അടിമാലി, നെടുങ്കണ്ടം, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിലാണ് കഴിഞ്ഞ രണ്ട് ദിവസമായി വലിയ തിരക്ക് അനുഭവപ്പെടുന്നത്. പലയിടത്തും പൊലീസെത്തി ജനങ്ങളെ നിയന്ത്രിക്കേണ്ട സ്ഥിതിയാണ്. പ്രായമായവരടക്കം നിരവധി പേർ ഇതോടെ വാക്‌സിനെടുക്കാതെ മടങ്ങിപോവുകയാണ്. ഓൺലൈൻ വഴി സ്ലോട്ട് നൽകുന്നത് 20 ശതമാനമായി കുറച്ച് സ്‌പോട്ട് ബുക്കിംഗ് വഴി 80 ശതമാനം വാക്‌സിനും വിതരണം ചെയ്യാൻ ശ്രമിച്ചതാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണം. ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും തമ്മിൽ വേണ്ടത്ര ഏകോപനമില്ലാത്തതും പലയിടത്തും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഇതുകൂടാതെ ഒരു ഡോസ് എടുത്തവർക്ക് 84 ദിവസം കഴിയുമ്പോൾ രണ്ടാം ഡോസ് എടുക്കണമെന്ന മേസേജ് മൊബൈലിൽ വരാറുണ്ട്. ഇതുകണ്ട് നിരവധിപ്പേർ വാക്സിൻ കേന്ദ്രങ്ങളിലെത്തുന്നതും തിരക്ക് കൂടാൻ ഇടയാക്കുന്നുണ്ട്. ഒപ്പം ചില രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും മാനദണ്ഡങ്ങൾ മറികടന്ന് തങ്ങളുടെ ഇഷ്ടക്കാർക്ക് വാക്സിനേഷൻ നൽകാൻ ശ്രമിക്കുന്നത് അർഹാരയവർക്ക് കിട്ടാത്ത അവസ്ഥയുണ്ടാക്കുന്നുണ്ട്. വാക്സിൻ ക്ഷാമം കാരണം ഓരോ കേന്ദ്രങ്ങളിലും വളരെ കുറച്ച് മാത്രം ഡോസ് മാത്രമാണ് ഓരോ ദിവസവും നൽകുന്നതെന്ന ആക്ഷേപവുമുണ്ട്.
ഇതുവരെ വാക്സിനെടുത്തത് 5.92 ലക്ഷം
ജില്ലയിൽ ഇതുവരെ വാക്സിനെടുത്തത് 5,92,816 പേർ. ഇതിൽ 4,36,509 പേരാണ് ആദ്യ ഡോസെടുത്തത്. 1,56,307 പേർ രണ്ടാം ഡോസുമെടുത്തു. ഇന്നലെ വിവിധ കേന്ദ്രങ്ങളിലായി 15,053 പേർക്ക് വാക്സിൻ നൽകി. ജില്ലയിൽ നിലവിൽ വാക്സിന് ക്ഷാമമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.