തൊടുപുഴ: ശ്രീനാരായണധർമത്തിൽ അധിഷ്ഠിതമായ ജീവിതം നയിച്ചാൽ കുടുംബ ജീവിതത്തിന്റെ ഭദ്രതയ്ക്കും നല്ല മൂല്യ ബോധമുള്ള തലമുറയെ വാർത്തെടുക്കാനും സാധിക്കുമെന്ന് എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ വനിതാസംഘം സംഘടിപ്പിച്ച 'സ്ത്രീ സുരക്ഷയും നിയമ ബോധവും" എന്ന വിഷയത്തിലുള്ള വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രീതി നടേശൻ. സ്ത്രീ സുരക്ഷയെ സംബന്ധിച്ച നിയമ വശങ്ങളെക്കുറിച്ച് അഡ്വ. എബി ഡി. കോലോത്ത് ക്ലാസ് നയിച്ചു. വനിതാസംഘംകേന്ദ്ര സമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, എസ്. എൻ. ഡി. പി യോഗം തൊടുപുഴ യൂണിയൻ കൺവീനർ വി. ജയേഷ് എന്നിവർ സംസാരിച്ചു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഗിരിജ ശിവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വനിതാ സംഘം യൂണിയൻ സെക്രട്ടറി സ്മിത ഉല്ലാസ് സ്വാഗതവും വൈസ് പ്രസിഡന്റ് ദീപ പ്രകാശ് നന്ദിയും പറഞ്ഞു.