തൊടുപുഴ: ഔട്ട് ഓഫ് ഫോക്കസാകുന്ന ഫോട്ടോകൾ പോലെ കൊവിഡ് വന്നതിന് ശേഷം ജീവിതം മങ്ങിയ നിലയിലാണ് പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരുടെ ജീവിതം. കൊവിഡ് പടരാൻ സാധ്യത തീരെ കുറവായിട്ടും സ്റ്റുഡിയോകൾക്ക് ഇതുവരെ എല്ലാ ദിവസവും പ്രവർത്തനാനുമതി നൽകാത്തതാണ് ഇപ്പോഴും ഇവരുടെ ജീവിതം ദുരിതമയമാക്കുന്നത്. കൊവിഡ് മൂലം ഏറെ പ്രതിസന്ധിയിലായ മേഖലയെ കൈപിടിച്ചുയർത്താൻ സർക്കാർ ഒന്നും ചെയ്തില്ലെങ്കിലും എല്ലാ ദിവസവും ജോലി ചെയ്യാനെങ്കിലും അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് എല്ലാ സ്റ്റുഡിയോകളും പ്രവർത്തിക്കുന്നത്. ഒരിടത്തും ഇപ്പോൾ തിരക്കുകളില്ല. ആഴ്ചയിൽ അഞ്ച് ദിവസം പ്രവർത്തനാനുമതി നൽകണമെന്നാവശ്യപ്പെട്ട് ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ലക്ഷങ്ങൾ വിലയുള്ള സ്റ്റുഡിയോ ഉപകരണങ്ങൾ വായ്പയെടുത്താണ് പലരും വാങ്ങിയിട്ടുള്ളത്. കഴിഞ്ഞ വർഷം വായ്പയ്ക്ക് മോറട്ടോറിയം ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ അത്തരം പരിഗണനകളൊന്നും ലഭിച്ചിട്ടില്ല. പലരുടെയും കടങ്ങൾ പലിശയും കൂട്ടുപലിശയും കടന്ന് മുന്നേറുകയാണ്. പ്രവർത്തിക്കാത്ത മാസങ്ങളിലും കെട്ടിട വാടക നൽകേണ്ടി വരുന്നു. ഉപയോഗിക്കാതെ പ്രിന്ററടക്കം തകരാറിലായി. കാമറയും ലെൻസും ഉപയോഗിക്കാതിരുന്നാൽ തകരാറിലാകും. ലക്ഷങ്ങളുടെ നഷ്ടമാണ് ഇങ്ങനെയും വരുന്നത്.

 ജില്ലയിൽ ആകെ സ്റ്റുഡിയോകൾ- 250

 പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർ- 560

നിയന്ത്രണം വൻ തിരിച്ചടി

കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് വിവാഹങ്ങൾ മാറ്റിയ്ക്കുന്നതും പങ്കെടുക്കാവുന്നവരുടെ എണ്ണം നിജപ്പെടുത്തിയതും വലിയ വെല്ലുവിളിയാണ് ഫോട്ടോഗ്രഫി മേഖലയിൽ സൃഷ്ടിക്കുന്നത്. മുമ്പ് ഒരു കല്യാണചടങ്ങിന്റെ ഫോട്ടോയും വീഡിയോയും പകർത്താൻ ചുരുങ്ങിയത് നാല് പേരടങ്ങുന്ന സംഘമാണ് എത്തിയിരുന്നത്. ഇപ്പോഴത് പലരും പകുതിയാക്കി. ചിലർ ഫോട്ടോഗ്രാഫറെ പോലും ഒഴിവാക്കി. തൊടുപുഴ,​ കട്ടപ്പന,​ അടിമാലി പോലുള്ള ടൗണുകളിൽ മാത്രം ഇത്തരം വർക്കുകളുള്ളത്. മറ്റ് മേഖലകളിൽ അതുമില്ല. ഫോട്ടോഗ്രാഫർമാരെ സംബന്ധിച്ചിടത്തോളം ഏറ്റവും അധികം വർക്ക് ലഭിക്കുന്ന മാസമാണ് ചിങ്ങം. അപ്പോഴേക്കും കൊവിഡ് കുറഞ്ഞ് നിയന്ത്രണങ്ങൾ മാറി വർക്കുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണിവർ

'ആഴ്ചയിൽ അഞ്ച് ദിവസം പ്രവർത്തനാനുമതി ലഭിച്ചാൽ തിരക്ക് ഒഴിവാക്കി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്റ്റുഡിയോകൾക്ക് പ്രവർത്തിക്കാൻ സാധിക്കും. വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം. ഇല്ലെങ്കിൽ ജീവിതം വഴിമുട്ടും"

-കെ.എം. മാണി (സെക്രട്ടറി, ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ)​