തൊടുപുഴ: തെറ്റുകാരെ സംരക്ഷിക്കുന്ന സി.പി.എം നയം വിചിത്രവും പരിഹാസ്യവുമാണെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് നിൽക്കക്കള്ളിയില്ലാതെ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനെ താത്കാലികമായി തരംതാഴ്ത്തി കൊണ്ടുള്ള നടപടിയെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ. ആർജവമുണ്ടെങ്കിൽ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയാണ് വേണ്ടത്. ഇതുസംബന്ധിച്ച് പാർട്ടി പ്രവർത്തകയുടെ പരാതി നേതൃത്വത്തിന്റെ കൈവശമുണ്ടെങ്കിൽ പൊലീസിനു കൈമാറണം. ഇത് സി.പി.എമ്മിന്റെ ഉൾപ്പാർട്ടി പ്രശ്‌നം മാത്രമല്ല. മുമ്പ് സമാനമായ ഇത്തരം ആരോപണത്തെ തുടർന്ന് തരംതാഴ്ത്തിയ മറ്റൊരു ജില്ലാ സെക്രട്ടേറിയറ്റ് അംഗം പാർട്ടിയിൽ ഇപ്പോഴും സജീവമാണ്. ഇയാൾക്കെതിരെ പൊലീസ് ഒരു നടപടിയും എടുത്തിട്ടില്ല. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം സി.പി.എം നേതാക്കൾ ഉൾപ്പെട്ട ഇത്തരം സദാചാര വിരുദ്ധ കുറ്റങ്ങൾ വർദ്ധിച്ചു വരികയാണ്. വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയുടെ കൊലപാതകമടക്കം നിരവധി പോക്‌സോ കേസുകളിൽ സി.പി.എം- ഡി.വൈ.എഫ്‌.ഐ പ്രാദേശിക നേതാക്കൾ ഉൾപ്പെട്ടു. ചെമ്പകപ്പാറയിൽ ഡി.വൈ.എഫ്‌.ഐ ഇറക്കിയ സ്‌നേഹ വണ്ടിയിൽ നിന്ന് വാറ്റുചാരായം പിടിച്ചിരുന്നു. മൂന്നാറിലെ ഡി.വൈ.എഫ്‌.ഐ നേതാവ് ഹൈവേയിലെ നിർമ്മാണസാമഗ്രികൾ മോഷ്ടിച്ച കേസിൽ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. അയ്യപ്പൻകോവിൽ പഞ്ചായത്തിൽ തൊഴിലുറപ്പു പദ്ധതിയിലുണ്ടായ ക്രമക്കേടിൽ സി.പി.എമ്മിന്റെ പ്രധാന നേതാക്കൾ പങ്കാളികളാണ്. ഈ കേസുകളിലൊക്കെയും പ്രതികളെ സംരക്ഷിക്കുന്ന സി.പി.എം നിലപാടാണ് കാണുന്നത്. പൊലീസ് ഇതിന് പൂർണമായും ഒത്താശ ചെയ്തു കൊടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.