തൊടുപുഴ: ഭക്ഷ്യ സുരക്ഷാ വിഭാഗം രണ്ട് ദിവസങ്ങളിലായി അടിമാലിയിലും തൊടുപുഴയിലുമായി നടത്തിയ പരിശോധനയിൽ ഫോർമാലിൻ ചേർത്ത 31 കിലോ മീൻ പിടികൂടി. 20ന് തൊടുപുഴയിലെ മാവിൻചുവട്, കുമ്പംകല്ല് ഭാഗങ്ങളിലെ കടകളിൽ നടത്തിയ പരിശോധനയിൽ 20 കിലോ ഫോർമാലിൻ ചേർത്ത ചെമ്മീൻ പിടികൂടി. കുമ്പംകല്ല് ഭാഗത്തെ കടയിൽ നിന്നാണ് മീൻ പിടികൂടി നശിപ്പിച്ചത്. ആറ് കടകളിലായി ഫോർമാലിൻ- അമോണിയാ സ്ട്രിപ്പ് ഉപയോഗിച്ച് 23 സാമ്പിളുകൾ പരിശോധിച്ചു. കൃത്യമായ അനുപാതത്തിൽ ഐസ് ഇടാത്തതിന് മാവിൻചുവട്ടിലെ കടയ്ക്ക് നോട്ടീസ് നൽകി. 19ന് അടിമാലി, പള്ളിവാസൽ, ആനച്ചാൽ ഭാഗങ്ങളിലുള്ള മീൻ കടകളിൽ നടത്തിയ പരിശോധനയിൽ 11 കിലോ മീൻ പിടികൂടിയിരുന്നു. ഫോർമാലിൻ ചേർത്ത 5 കിലോ ഏട്ടകൂരി, 3 കിലോ സ്രാവ്, 3 കിലോ മണങ്ങ് എന്നീ മീനുകളാണ് പിടികൂടിയത്. ഫോർമാലിൻ- അമോണിയാ സ്ട്രിപ്പ് ഉപയോഗിച്ച് 27 മീൻ സാമ്പിളുകൾ പരിശോധിച്ചതിൽ അടിമാലി ടൗണിലെ രണ്ട് കടകളിൽ നിന്നായാണ് ഫോർമാലിൻ ചേർത്ത മീൻ കണ്ടെത്തിയത്. തൊടുപുഴ, ഈരാറ്റുപേട്ട, മൂവാറ്റുപുഴ മേഖലകളിൽ മൊത്തക്കച്ചവടക്കാരിൽ നിന്നാണ് ഈ കടക്കാർ മീൻ വാങ്ങുന്നത്. മൊത്തകച്ചവട സ്ഥാപനങ്ങളിലടക്കം വരുംദിവസങ്ങളിൽ പരിശോധന നടത്തും. തൊടുപുഴ ഭക്ഷ്യസുരക്ഷാ ആഫീസർ എം.എൻ. ഷംസിയ, ദേവികുളം ഭക്ഷ്യസുരക്ഷാ ആഫീസർ ബൈജു ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.