മുട്ടം: കാറ്റിലും മഴയത്തും മുട്ടം, കുടയത്തൂർ പഞ്ചായത്തുകളിൽ വ്യാപക നാശം.ഇന്നലെ രാവിലെ 11 മണിയോടെയാണ് ശക്തമായ കാറ്റും മഴയുമുണ്ടായത്.മുട്ടം ജില്ലാ ജയിലിന്റെ പമ്പ് ഹൗസിന് സമീപം മാത്തപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ നെല്ലി മരം കടപ്പുഴകി വൈദ്യതി ലൈൻ പൊട്ടി നിലത്ത് വീണു.ഷാന്താൾ പബ്ലിക്ക് സ്‌കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം വൈദ്യുതി ലൈനിൽ വീണ് പോസ്റ്റ് ഒടിഞ്ഞു. കോടതി ഭാഗത്ത് വിജിലൻസ് ഓഫീസിന് സമീപം റോഡരുകിൽ നിന്നിരുന്ന മരം കടപ്പുഴകി വൈദ്യുതി ലൈനിൽ വീണ് പോസ്റ്റ് ഒടിഞ്ഞു.ഇടപ്പള്ളി, കാക്കൊമ്പ്,പഴയമറ്റം, പച്ചിലാംകുന്ന്,മലങ്കര പ്രദേശങ്ങളിൽ സ്വകാര്യ വ്യക്തികളുടെ പറമ്പിലേയും റോഡരുകിലേയും നിരവധി മരങ്ങൾ മറിഞ്ഞ് വീഴുകയും ശിഖരങ്ങൾ ഓടിയുകയും ചെയ്തു.വിവിധ സ്ഥലങ്ങളിൽ വൈദ്യുതി ലൈനുകൾക്കും പോസ്റ്റുകൾക്കും നാശം സംഭവിച്ചു.പഞ്ചായത്ത് മെമ്പർ അരുൺ പൂച്ചക്കുഴി,മുട്ടം-തൊടുപുഴ കെ .എസ് .ഇ .ബി ജീവനക്കാർ,തൊടുപുഴ അഗ്നിശമന വിഭാഗം, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലെ മരശിഖരങ്ങൾ വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ ഇന്നലെ രാത്രിയും പണികൾ നടത്തിയിരുന്നു. കുടയത്തൂർ പഞ്ചായത്തിൽ കാഞ്ഞാർ കൂരവളവിന് സമീപമുള്ള കൈതവേലിൽ ഷാജിയുടെ വീടിന് മുകളിലേക്ക് സമീപത്ത് നിന്ന തേക്ക് മരം കടപുഴകി വീണു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സേവാ ഭാരതി പ്രവർത്തകരും പ്രദേശവാസികളും വീടിന് മുകളിൽ നിന്നും മരം മുറിച്ച് നീക്കി.