കുമളി: വീടിന് സമീപം ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത ഗൃഹനാഥനെ ക്രൂരമായി മർദ്ദിച്ച മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ. ഏഴാംമൈൽ സ്രാമ്പിക്കൽ പ്രകാശിനെ മർദ്ദിച്ച ചക്കുപള്ളം സ്വദേശികളായ കറുകക്കാലായിൽ ജിബിൻ കെ. ജോസ് (23), വളാംതൂർ സന്തോഷ് (22), മടംപറമ്പിൽ നിബിൻ രാജൻ (20) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. അണക്കര ഏഴാംമൈലിൽ പ്രകാശിന്റെ വീടിന് സമീപം ആളൊഴിഞ്ഞ സ്ഥലത്തിരുന്നാണ് യുവാക്കൾ ലഹരി ഉപയോഗിച്ചത്. മുമ്പ് ഇത്തരത്തിൽ യുവാക്കൾ ഇവിടെ ഒത്തുകൂടിയിരുന്നത് പ്രകാശ് വിലക്കിയിരുന്നു. വീണ്ടും ഇത് ആവർത്തിച്ചത് ചോദ്യം ചെയ്യാൻ പ്രകാശ് ചെന്നതോടെ യുവാക്കൾ സംഘടിച്ച് പ്രകാശിനെ അക്രമിക്കുകയായിരുന്നു. യുവാക്കളെ തള്ളി മാറ്റി വീട്ടിലേയ്ക്ക് പോകുന്നതിനിടെ പ്രകാശിനെ പിൻതുടർന്നെത്തിയ സംഘം സമീപത്ത് കിടന്ന പട്ടിക കമ്പ് ഉപയോഗിച്ച് പ്രകാശിന്റെ തലയ്ക്ക് അടിച്ചു. ബഹളം കേട്ട് വീട്ടുകാർ ഓടിക്കൂടിയതോടെ യുവാക്കൾ ഓടി രക്ഷപ്പെട്ടു. കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രകാശിന്റെ തലയിൽ ഒമ്പത് കുത്തിക്കെട്ടുകളുണ്ട്. ഇതിനിടയിൽ യുവാക്കൾ വീണ്ടും പ്രകാശിന്റെ വീട്ടിലെത്തി കാർ അടിച്ച് തകർക്കുകയും വീടിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. തുടർന്ന് ഒളിവിൽ പോയ യുവാക്കളെ പൊലീസ് ഇന്നലെ പിടികൂടുകയായിരുന്നു. പ്രതികൾക്ക് എതിരെ വധശ്രമം, ഭവനഭേദനം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തത്. അക്രമികളിൽ നാല് പേരുണ്ടായിരുന്നെന്ന പരിക്കേറ്റ പ്രകാശിന്റെ മൊഴി പ്രകാരം പൊലീസ് സംശയം തോന്നിയ ഒരാളെ കൂടി കസ്റ്റഡിലെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. കുമളി സി.ഐ ജോബിൻ ആന്റണി, എസ്.ഐ സന്തോഷ് സജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.