നെടുങ്കണ്ടം: കരുണാപുരത്ത് അന്യസംസ്ഥാന തൊഴിലാളിയെ ഹെൽമറ്റിന് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ തൊഴിലുടമയെ കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇഷ്ടിക നിർമ്മാണ ശാലയിൽ ജോലി ചെയ്തിരുന്ന നേപ്പാൾ റോത്താഡ് സ്വദേശിയായ ലാൽ കിഷോർ ചൗധരിക്കാണ് (25) തലയ്ക്ക് അടിയേറ്റത്. ഇഷ്ടിക നിർമ്മാണ ശാല ഉടമയായ നാക്കുഴിക്കാട്ട് ബിജു സ്‌കറിയയാണ് (45) മദ്യലഹരിയിൽ ഹെൽമെറ്റിന് തൊഴിലാളിയുടെ തലയ്ക്കടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തൊഴിലാളി തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബിജുവിന്റെ ഇഷ്ടികക്കളത്തിൽ അഞ്ച് വർഷമായി ജോലി ചെയ്യുന്നയാളാണ് ലാൽ കിഷോർ ചൗധരി. ലോക്ക് ഡൗണിനെ തുടർന്ന് പണി ഇല്ലാതായതോടെ ഇയാൾ ഉൾപ്പെടെ ആറ് അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് തിരിച്ചു പോകാൻ വണ്ടിക്കൂലി ചോദിച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് സ്ഥാപന ഉടമ തൊഴിലാളിയെ ആക്രമിച്ചതെന്ന് കമ്പംമെട്ട് പൊലീസ് പറഞ്ഞു. തൊഴിലാളികളെ തിരികെ വിടാനാവില്ലെന്ന് ബിജു പറഞ്ഞതിനെ തുടർന്ന് വാക്കേറ്റമുണ്ടാവുകയായിരുന്നു. ഇതിനുശേഷം കരുണാപുരം ടൗണിലെത്തിയ അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെ ബിജു കാറിടിച്ചു കയറ്റാൻ ശ്രമിച്ചു. തൊഴിലാളികൾ ഓടി രക്ഷപ്പെട്ടതിനാൽ അപകടം ഒഴിവായി. ഇതിനിടെ ഒരു വ്യാപാര സ്ഥാപനത്തിനും രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. നാട്ടുകാർ ബിജുവിനെ തടഞ്ഞു വെച്ചതിനെ തുടർന്ന് കമ്പംമെട്ട് പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്‌തെങ്കിലും എട്ടുമണിയോടെ ജാമ്യത്തിൽ വിട്ടയച്ചു. ഇതിനു ശേഷം തിരികെ ഇഷ്ടിക നിർമ്മാണ ശാലയിൽ എത്തിയ ബിജു കത്തി ഉപയോഗിച്ച് തൊഴിലാളികളെ ആക്രമിക്കുവാൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നിന്ന് കുതറിയോടാൻ ശ്രമിക്കുന്നതിനിടയിലാണ് ഒരു തൊഴിലാളിയുടെ തലയ്ക്ക് ഹെൽമറ്റ് കൊണ്ടടിച്ചത്.