രാജാക്കാട്: അധികാരികളോട് പറഞ്ഞു മടുത്തു, ഇതിലും ഭേദം കാട്ടാനകളുടെ മുമ്പിൽ കൊല്ലാതിരിക്കാൻ അപേക്ഷിക്കുന്നതാ... ജീവനുകൾ എത്ര പൊലിഞ്ഞാലും പൂപ്പാറ മേഖലയിലെ ജനങ്ങളെ ആനകളിൽ നിന്ന് രക്ഷിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. ഏറ്റവുമൊടുവിലെ ഇരയാണ് തലക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളി സ്ത്രീ മരിച്ചത്. തലക്കുളം കോരംപാറ ചിരഞ്ജീവിയുടെ ഭാര്യ വിമലയാണ് (45) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് തലക്കുളം ഭാഗത്തുള്ള സ്വന്തം കൃഷിയിടത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് കാട്ടനായുടെ ആക്രമണമുണ്ടായത്. വിമല സംഭവ സ്ഥലത്ത് തന്നെ മരിച്ചു. രാവും പകലും ജനവാസ കേന്ദ്രങ്ങളിൽ മേഞ്ഞു നടക്കുന്ന കാട്ടാനകൂട്ടങ്ങൾ ഇവിടത്തുകാരുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. അക്രമണകാരികളായ ആനകളെ പിടികൂടി പ്രദേശത്ത് നിന്ന് നീക്കം ചെയ്യുമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലെ മുടൽമഞ്ഞും കൊടും വളവുകളും നിറഞ്ഞ ഈ മേഖലയിലൂടെ ജീവൻ പണയംവച്ച് വേണം യാത്ര ചെയ്യാൻ. ആനയിറങ്കൽ അണക്കെട്ടിന്റെ ഇരുവശത്തുമായി സ്ഥിതിചെയ്യുന്നവയാണ് ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകൾ. മുമ്പ് ഇവിടത്തെ കിലോമീറ്ററുകൾ വിസ്തൃതിയുള്ള പുൽമേടുകളും വനവും ഒരിയ്ക്കൽ ആനകളുടെ ആവാസകേന്ദ്രമായിരുന്നു. ഇപ്പോൾ കുട്ടികളടക്കം അറുപതോളം ആനകളാണ് പ്രദേശത്തുള്ളത്. ചില്ലിക്കൊമ്പൻ, അരിക്കൊമ്പൻ, പാത്തിക്കാലൻ, മുടിവാലൻ തുടങ്ങിയവയാണ് പ്രധാന ആക്രമണകാരികൾ. ചില്ലിക്കൊമ്പനെ പിടികൂടി നീക്കം ചെയ്യുമെന്ന് അധികൃതർ പല തവണ ജനങ്ങൾക്ക് ഉറപ്പ് നൽകിയിട്ടും പാലിക്കപ്പെട്ടിട്ടില്ല. സമരസമിതി രൂപീകരിച്ച് പ്രതിഷേധ പ്രകടനങ്ങളും റോഡ് ഉപരോധവും ഹർത്താലുകളും ഉൾപ്പെടെയുള്ള സമരങ്ങളുമായി ജനങ്ങൾ പലതവണ രംഗത്ത് എത്തിയെങ്കിലും അധികൃതർ വാഗ്ദാനങ്ങൾ നൽകി ശാന്തരാക്കി വിടുക മാത്രമാണ് ചെയ്യുന്നത്.
അടിക്കടിയുണ്ടാകുന്ന കാട്ടാന അക്രമണത്തിൻ അടിയന്തര പരിഹാരം കാണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികൾക്കൊരുങ്ങുകയാണ് നാട്ടുകാർ. പലതവണ വനംവകുപ്പിന് പരാതി നൽകിയിട്ടും പ്രക്ഷോഭം നടത്തിയിട്ടും കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. കാട്ടാനയെ പേടിച്ച് രാത്രി സമാധാനപരമായി വീട്ടിൽ കിടന്നുറങ്ങാനാകാത്ത സ്ഥിതിയിലാണ് പ്രദേശവാസികൾ. കാട്ടാനയെ എത്രയും ഉൾക്കാട്ടുകളിലേക്ക് തുരത്താൻ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. അതുവരെ രാത്രി ഉറക്കമളച്ച് കാത്തിരിക്കേണ്ടി വരുമെന്ന് ഇവർ പറയുന്നു.
ആനയെടുത്തത് നാല്പതിലേറെ ജീവനുകൾ
കാട്ടാന ആക്രമണത്തിൽ രണ്ട് ദശകത്തിനിടെ നാല്പതിലേറെ പേർക്കാണ് മേഖലയിൽ ജീവൻ നഷ്ടപ്പെട്ടത്. ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഗുരുതരമായ പരിക്കുകളോടെയും അംഗവൈകല്യത്തോടെയും കഴിയുന്നവർ നിരവധിയാണ്. വീടുകൾ, ഏലം സ്റ്റോറുകൾ, കാർഷിക വിളകൾ, വാഹനങ്ങൾ, പമ്പുസെറ്റുകൾ, കുടിവെള്ള പൈപ്പുകൾ തുടങ്ങി കോടിക്കണക്കിന് രൂപയുടെ വസ്തുവകകളാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കാഞ്ഞിരവേലിയിലും ശല്യം രൂക്ഷം
നേര്യമംഗലം കാഞ്ഞിരവേലി മേഖലയിൽ നിരവധി കർഷകരുടെ വിളകൾ കാട്ടാനക്കൂട്ടം നശിപ്പിച്ചു. വലിയ തെങ്ങുകൾ പോലും കടപുഴകി വീഴ്ത്തി. റബ്ബർ മരങ്ങൾ, വാഴ, കപ്പ, ഇഞ്ചി തുടങ്ങിയ കൃഷികളും നശിപ്പിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായത്. ഇരുമ്പുപാലം പഴമ്പിള്ളിചാലിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായി. മാമലക്കണ്ടം ചെരിക്കനാമ്പുറത്ത് സി.ആർ സാബുവിന്റെ ഒമ്നി വാനിന് നേരെയാണ് ഒറ്റയാൻ ആക്രമണം നടത്തിയത്. മൂവാറ്റുപുഴയിൽ പോസ്റ്റ്‌മാനായി ജോലി ചെയ്യുന്ന സാബു മാമലകണ്ടത്തെ വീട്ടിലേക്ക് പോകും വഴിയാണ് പഴംപള്ളിച്ചാൽ മാർത്തോമാ പള്ളിക്ക് മുമ്പിൽ വെച്ച് കാട്ടാനയുടെ മുന്നിൽ പെട്ടത്. വഴിയരികിലെ കൃഷിഭൂമിയിൽ കൃഷികൾ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഒറ്റയാൻ വാഹനം കണ്ടതോടെ ഓടി അടുത്തെത്തി ഇടിച്ച് മറിക്കാൻ ശ്രമിക്കുകയായിരുന്നു. വാഹനത്തിന്റെ വലതുവശം ഭാഗികമായി തകർന്നു. ചില്ലുകൾ പൊട്ടിയെങ്കിലും സാബുവിന് പരിക്കേറ്റില്ല.
കാടിറങ്ങാൻ കാരണം
1. ചൂട് കൂടിയത്
2. കാട്ടിനുള്ളിൽ ഭക്ഷണം കിട്ടാത്തത്
3. കാട്ടിലെ ജലാശയങ്ങൾ വറ്റിയത്