തൊടുപുഴ: കാലാവധി തീരാറായ 493 പി.എസ്.സി റാങ്ക് ലിസ്റ്റുകൾ ആറ് മാസത്തേക്കെങ്കിലും നീട്ടി നൽകാൻ സർക്കാർ തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ ആവശ്യപ്പെട്ടു. നിലവിലുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീർക്കുന്ന നിഷേധ നിലപാടാണ് സർക്കാരും പി.എസ്.സിയും സ്വീകരിക്കുന്നതെന്ന് എം. മോനിച്ചൻ പറഞ്ഞു. നിയമനങ്ങൾ നടത്താത്തതിൽ എൽ.ഡി.എഫ് സർക്കാരിനെതിരെ മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും റാങ്ക് ഹോൾഡേഴ്‌സ് നടത്തിയ സമരങ്ങൾക്കെതിരായ പ്രതികാരമായാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതും നിയമനം നൽകാത്തതും. എൽ.ഡി ക്ലർക്ക്, വനിതാ പൊലീസ് കോൺസ്റ്റബിൾ, ലാസ്റ്റ് ഗ്രേഡ് തുടങ്ങി നിരവധി ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ള ആയിരങ്ങൾക്കാണ് ഇനി പരീക്ഷ പോലും എഴുതാൻ കഴിയാതെ പ്രതിസന്ധിയിലേക്ക് സർക്കാർ തള്ളിവിടുന്നതെന്നത് തികച്ചും പ്രതിഷേധാർഹമാണെന്നും എം. മോനിച്ചൻ പറഞ്ഞു.