samaram
വാക്സിൻ സെന്ററിനെ ചൊല്ലി നഗരസഭാ കാര്യാലയത്തിനു മുമ്പിൽ നഗരസഭയിലെ കൗൺസിലർമാരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ദീപക് ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: തൊടുപുഴ നഗരസഭയിൽ വാക്‌സിൻ സെന്ററുകൾ തീരുമാനിച്ചതിലെ അപാകത പരിഹരിക്കണമെന്നാവശ്യപെട്ട് നഗരസഭാ കാര്യാലയത്തിനു മുമ്പിൽ കൗൺസിലർമാർ നടത്തിയ പ്രതിഷേധ സമരം വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ദീപക് ഉദ്ഘാടനം ചെയ്തു. 14, 16, 17, 18, 19, 20, 25, 26, 27 എന്നീ വാർഡുകളിലെ വാക്‌സിനേഷൻ കാരിക്കോട് നൈനാർ പള്ളി ഹാളിൽ നിന്ന് പാറക്കടവ് പി.എച്ച്.സിയിലേക്ക് മാറ്റിയത് മൂലം സാധാരണക്കാരായ ജനങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. 500 രൂപ ആട്ടോ ചാർജ് നൽകി വാക്‌സിനേഷൻ സെറ്ററിൽ എത്തേണ്ട അവസ്ഥയാണുള്ളത്. കൊവിഡ് സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പലർക്കും വാക്‌സിനേഷന് എത്തി ചേരാൻ കഴിയാത്ത അവസ്ഥയാണുള്ളത്. നഗരസഭാ തീരുമാനം അംഗീകരിക്കാൻ ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ല. പല യോഗങ്ങളിലും ഈ ആവശ്യം കൗൺസിലർമാർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളതാണ്. മുൻസിപ്പൽ ചെയർമാൻ ഡി.എം.ഒയുമായി സംസാരിച്ചെങ്കിലും ആരോഗ്യവകുപ്പ് ജീവനക്കാർ അവരുടെ സൗകര്യാർത്ഥമാണ് സെന്ററുകൾ തീരുമാനിക്കുന്നത്. ആദ്യ ഡോസ് എടുത്ത പലർക്കും സമയം കഴിഞ്ഞിട്ടും രണ്ടാം ഡോസ് എടുക്കാൻ സാധിക്കാത്ത അവസ്ഥയുമുണ്ട്. ഈ തെറ്റായ തീരുമാനം പിൻവലിക്കാത്ത പക്ഷം വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനും കളക്ടർ, ഡി.എം.ഒ എന്നിവരെ നേരിൽ കണ്ടു കാര്യങ്ങൾ ധരിപ്പിക്കാനും കൗൺസിലർമാരുടെ യോഗം തീരുമാനിച്ചു. യോഗത്തിൽ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. കരിം അദ്ധ്യഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.എസ്. രാജൻ, ഷീജ ഷാഹുൽ, ബിന്ദു പത്മകുമാർ, ജോസഫ് ജോൺ, സനു കൃഷ്ണൻ, ടി.എസ്. രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.