ഇടുക്കി: നടപ്പാതയിലെ അനധികൃത കച്ചവടം ഒഴിവാക്കുന്നതും സീബ്രാലൈനുകൾ സ്ഥാപിക്കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കാൻ തൊടുപുഴ നഗരസഭാ ആഫീസിൽ ചെയർമാൻ സനീഷ് ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ഓടകളുടെ മുകളിൽ സ്ലാബ് ഇടുന്നതിന് വിശദമായി പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും സീബ്രാ ലൈനുകൾ വരയ്ക്കുന്നത് മഴ മാറുന്ന മുറയ്ക്ക് നടത്തുന്നതാണെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. അടിയന്തരമായി ചെയ്യേണ്ട ചിലയിടങ്ങളിലെ ജോലികൾ നിലവിലെ പദ്ധതികളിൽ ഉൾപ്പെടുത്താൻ ചെയർമാൻ നിർദ്ദേശിച്ചു. കാഞ്ഞിരമറ്റം ബൈപ്പാസിന്റെ തുടക്കം മുതലുള്ള അനധികൃത പാർക്കിംഗ്, പുളിമൂട് ജംഗ്ഷൻ മുതൽ കിഴക്കേയറ്റം വരെയുള്ള റോഡിലെ തിരക്കു സമയത്തെ ലോഡിംഗ്- അൺലോഡിംഗ് വിഷയങ്ങളുമായി ബന്ധപ്പെട്ട് ട്രാഫിക് അഡ്വൈസറി കമ്മിറ്റി ഉടനടി വിളിച്ചു ചേർക്കുമെന്ന് ചെയർമാൻ അറിയിച്ചു. നടപ്പാതകളിലെ അനധികൃത കച്ചവടം തുടങ്ങി വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പുറത്തേക്ക് നീട്ടിയെടുത്തിരിക്കുന്ന അനധികൃത നിർമ്മാണം വരും ദിവസങ്ങളിൽ നഗരസഭ, പി.ഡബ്ല്യു.ഡി, പൊലീസ്, എൻ.യു.എൽ.എം എന്നിവർ ചേർന്ന് സംയുക്ത പരിശോധന നടത്തുമെന്നും പിഴ ഉൾപ്പെടെയുള്ല ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു. കച്ചവടക്കാർ ഇതൊരറിയിപ്പായി കാണണമെന്നും സ്വയമേ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കണമെന്നും ചെയർമാൻ അറിയിച്ചു. യോഗത്തിൽ പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എൻജിനീയർ ബിബിൻ ജോർജ്ജ്, ഓവർസിയർ അജിത് കൃഷ്ണൻ, തൊടുപുഴ എസ്.ഐ ബൈജു പി. ബാബു, നഗരസഭ അസി. എൻജിനീയർ സുധീപ് എ.എസ്, ഹെൽത്ത് സൂപ്പർവൈസർ അജിത്കുമാർ, നഗരസഭ സിറ്റി മിഷൻ മാനേജർ ജോണി ജോസഫ് എന്നിവർ പങ്കെടുത്തു.