ഈ മാസം മാത്രം കൂടിയത് 9 % ജലം
ഇടുക്കി: കാലവർഷം ശക്തമായതിനെ തുടർന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ വൻവർദ്ധന. ഈ മാസം മാത്രം കൂടിയത് ഒമ്പത് ശതമാനത്തോളം ജലമാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ 5.5 അടിയോളം വെള്ളം കൂടി. കഴിഞ്ഞ 5 ദിവസമായി ശക്തമായ മഴ പെയ്തതാണ് ഇതിന് കാരണം. ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2364.4 അടിയാണ് സംഭരണയിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയുടെ 58.55 ശതമാനം. കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ 32 അടി കൂടുതലാണിത്. മേയ് ആദ്യം 34 ശതമാനത്തിലേക്ക് ജലനിരപ്പ് താഴ്ന്നിരുന്നെങ്കിലും ശക്തമായ വേനൽമഴയും കൊവിഡ് ലോക് ഡൗണും എത്തിയതോടെ ഇത് 37 ശതമാനത്തിലേക്ക് ഉയർന്നു. നിലവിലെ സാഹചര്യം അതീവ ശ്രദ്ധയോടെയാണ് കെ.എസ്.ഇ.ബി അധികൃതർ വിലയിരുത്തുന്നത്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ റൂൾ ലെവലിൽ നിന്ന് 14 അടി കുറവായതിനാൽ ആശങ്ക വേണ്ടെന്നും കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതായും അധികൃതർ അറിയിച്ചു. ഇടുക്കിയിലെ ഉത്പാദനം പരമാവധി കൂട്ടി ജലനിരപ്പ് കുറയ്ക്കാനാണ് തീരുമാനം. രണ്ട് ദിവസമായി ആറ് ജനറേറ്ററുകളും പരമാവധി സമയവും പ്രവർത്തിക്കുന്നു. അതേ സമയം മഴ ശക്തമായി നിൽക്കുന്ന സാഹചര്യത്തിൽ വലിയ തോതിൽ വെള്ളമൊഴുക്കുന്നത് മൂവാറ്റുപുഴ ടൗണിൽ വെള്ളം കയറുമെന്നതിനാൽ ഇതിനും പരിമിതികളുണ്ട്.
കേന്ദ്ര ജലകമ്മീഷന്റെ റൂൾ കർവ് പ്രകാരം ഈ മാസം 31 വരെ പരമാവധി അനുവദനീയമായ സംഭരണ ശേഷി 2378.44 അടിയാണ്. മഴ നിലനിൽക്കെ റൂൾ കർവിന് മുകളിലെത്തിയാൽ അധിക ജലം ഒഴുക്കി വിടേണ്ടി വരും.
മൺസൂണിന്റെ രണ്ടാം ഘട്ടമായ ആഗസ്റ്റ് സെപ്തംബർ മാസങ്ങളിലാണ് സാധാരണ ഇടുക്കിയിൽ കൂടുതൽ മഴ കിട്ടുക. ഇതുകൂടി മുന്നിൽ കണ്ടാണ് ജലനിരപ്പ് കുറയ്ക്കാൻ നീക്കം.