നെടുങ്കണ്ടം: തമിഴ്നാട്ടിൽ നിന്ന് വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ചെക് പോസ്റ്റ് വഴി കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. കമ്പംമെട്ട് പൊലീസാണ് സർട്ടിഫിക്കറ്റ് നിർമിച്ച നൽകുന്ന സംഘത്തിലെ രണ്ട് പേരെയടക്കം പിടികൂടിയത്. കമ്പം, പന്നൈപുറം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കമ്പംമെട്ട് ഇൻസ്‌പെക്ടർ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രണ്ട് പേരെ പിടികൂടിയത്. പ്രതികളിൽ നിന്ന് രണ്ട് വീതം കമ്പ്യൂട്ടറും മൊബൈൽ ഫോണും പിടിച്ചെടുത്തു. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ചെക് പോസ്റ്റു വഴി ആളുകൾ കടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ഓരോ പാസും പരിശോധന നടത്തി മാത്രമാണ് അതിർത്തി കടത്തി വിടുന്നത്. ഇതറിയാതെ എത്തിയവരാണ് പൊലീസിന്റെ വലയിൽ കുടുങ്ങിയത്. ഉത്തമപാളയം സ്വദേശികളായ സതീഷ് കുമാർ, മുരുകൻ, കമ്പം നോർത്ത് സ്വദേശി വിജയകുമാർ, പന്നൈപ്പുറം സ്വദേശി വേൽ മുരുകൻ തുടങ്ങിയവരെ ഇൻസ്‌പെക്ടർ സുനിൽ കുമാർ, എസ്.ഐ അശോകൻ, എ.എസ്.ഐ സജി കുമാർ, വിനോദ്, ജയേഷ്, സജുരാജ്, അൻഷാദ്, ഹോം ഗാർഡ് സുധാകരൻ തുടങ്ങിയവരുടെ സംഘമാണ് അറസ്റ്റു ചെയ്തത്.