നെടുങ്കണ്ടം: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. സുബുകണ്ടംപാറ മദൻ കുമാറിനാണ് (32) തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. മദൻ കുമാറിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ രാവിലെ നെടുങ്കണ്ടം കരടി വളവിന് സമീപമായിരുന്നു അപകടം. കനത്ത കാറ്റിലും മഴയിലും സംസ്ഥാന പാതയുടെ സമീപത്ത് നിന്ന മരം ഒടിഞ്ഞ് വൈദ്യുതി ലൈനിലേക്ക് പതിച്ചു. മരം വീണ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഡ്രൈവറിരിക്കുന്ന ഭാഗത്താണ് പോസ്റ്റ് പതിച്ചത്. ഓട്ടോറിക്ഷയുടെ പിന്നിലിരുന്ന് യാത്ര ചെയ്ത യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപെട്ടു. ഈ യാത്രക്കാരനാണ് മറ്റൊരു വാഹനത്തിൽ മദൻകുമാറിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.