തൊടുപുഴ: കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കാൻ സർക്കാർ ഉടനടി തയ്യാറാകണമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ ആവശ്യപ്പെട്ടു. തകർന്ന് തരിപ്പണമായി കിടക്കുന്ന കാർഷികമേഖലയെ ഇല്ലാതാക്കാനുള്ള നടപടികളാണ് സർക്കാരും ഉദ്യോഗസ്ഥന്മാരും നടത്തികൊണ്ടിരിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥന്മാരെ രക്ഷപ്പെടുത്താൻ കർഷകരുടെ പേരിൽ കേസ് എടുക്കാൻ ഉള്ള നീക്കത്തെ എന്ത് വിലകൊടുത്തും നേരിടും. ഏലം മേഖലയിലെ കുത്തകപ്പാട്ട ഭൂമി ഏറ്റെടുത്ത് കർഷകരെ ഇറക്കിവിടാനുള്ള നീക്കം ഉടനടി അവസാനിപ്പിക്കണം. കർഷകർ ഉള്ളതുകൊണ്ട് മാത്രമാണ് പശ്ചിമഘട്ട മലനിരകളും മരങ്ങളും നിലനിൽക്കുന്നത്. പ്രകൃതിക്ഷോഭവും കടക്കെണിയും വിലയിടിവും മൂലം തകർന്ന് നിൽക്കുന്ന കൃഷിക്കാരെ ഇനിയും പീഡിപ്പിച്ചാൽ കേരള കോൺഗ്രസ് കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന് മാത്യു സ്റ്റീഫൻ പറഞ്ഞു.