തൊടുപുഴ: ജില്ലയിൽ പരിചയ സമ്പന്നരായവരുടെ പോലും ജീവൻ ജലാശയങ്ങളിൽ നഷ്ടപ്പെടുന്നത് പതിവാകുന്നു. ജലാശയങ്ങളിലെ കയങ്ങളിലും അടിയൊഴുക്കുള്ള നദികളിലും പതിയിരിക്കുന്ന കെണികൾ കാണാതെയാണ് പലരും അപകടത്തിലേക്ക് എടുത്തു ചാടുന്നത്. ബുധനാഴ്ചയാണ് കുളമാവ് ഡാമിൽ സ്ഥിരമായി മീൻ പിടിക്കുന്ന സഹോദരങ്ങളെ കാണാതായത്. മീൻ പിടിച്ച് ഉപജീവനം കഴിക്കുന്ന കുളമാവ് ചക്കിമാലി കോഴിപ്പുറത്ത് ബിജു, ബിനു എന്നിവർക്ക് ജലാശയം സുപരിചിതമാണ്. അഞ്ച് ദിവസം മുമ്പ് ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങിയ യുവ ഡോക്ടറും സുഹൃത്തും മുങ്ങി മരിച്ചിരുന്നു. പെരിയകനാൽ എസ്റ്റേറ്റിലെ മെഡിക്കൽ ആഫീസർ ഡോ. ആശിഷ് പ്രസാദ്, ചെണ്ടുവരൈ എസ്റ്റേറ്റിലെ അസിസ്റ്റന്റ് മാനേജർ ഗോകുൽ തിമ്മയ്യ എന്നിവരാണ് മരിച്ചത്. ഡാമിലകപ്പെട്ട ആശിഷിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് ഗോകുലും അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ മാസം 15ന് ഇടുക്കി ജലാശയത്തിന്റെ ഭാഗമായ ഉപ്പുതറ കെട്ടുചിറയിൽ മത്സ്യം പിടിക്കാൻ പോയ രണ്ടു യുവാക്കളുടെ ജീവൻ നഷ്ടമായിരുന്നു. ഉപ്പുതറ മാട്ടുതാവളം കുമ്മിണിയിൽ ജോയിസ്, ഇല്ലിക്കൽ മനോജ് എന്നിവരാണ് അന്ന് മരിച്ചത്. മൂന്നു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്താനായത്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ നടൻ അനിൽ നെടുമങ്ങാട് മലങ്കര ഡാമിൽ മുങ്ങി മരിച്ചത് മലയാളികൾക്ക് തീരാ നൊമ്പരമായി മാറിയിരുന്നു. ഇടുക്കിയിലെ ജലാശയങ്ങളിൽ പതിയിരിക്കുന്ന ചതിക്കുഴികൾ മനസിലാക്കാതെയാണ് പലരും അപകടത്തിലേക്ക് എടുത്തു ചാടുന്നത്. ഡാമിലെ താഴ്ചയും അഗാധങ്ങളിലെ കൊടും തണുപ്പും മൂലം പലപ്പോഴും രക്ഷാ പ്രവർത്തനവും ദുഷ്‌കരമാകാറുണ്ട്. ജലാശയങ്ങളിൽ മീൻ പിടിക്കാൻ പോകുന്നവർ പരിചയ സമ്പന്നരായിരിക്കും. എന്നാൽ ഇവർ പോലും പ്രതികൂല കാലാവസ്ഥയിൽ അപകടത്തിൽപ്പെടുന്നുണ്ട്. യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയാണ് ചെറുവള്ളങ്ങളിൽ മത്സ്യം പിടിക്കുന്നവർ ജലാശയങ്ങളിലേക്ക് പോകുന്നത്. ഇക്കാര്യത്തിൽ കൂടുതൽ ബോധവത്കരണവും മുന്നറിയിപ്പ് സംവിധാനങ്ങളും വേണമെന്ന ആവശ്യം ശക്തമാവുകയാണ്.
മുന്നറിയിപ്പ് അവഗണിക്കുന്നു
ജലാശയങ്ങളിലെ അപകടങ്ങൾ വർദ്ധിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് ഇത്തരം സ്ഥലങ്ങളിൽ നേരത്തെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. അവധിക്കാലമാവുകയും വേനൽ കനക്കുകയും ചെയ്തതോടെ നദികളിലും ജലാശയങ്ങളിലും കുളിക്കാനെത്തി അപകടത്തിൽപെടുന്നവരുടെ എണ്ണം വർധിച്ചതോടെയാണ് ഫയർഫോഴ്‌സ് ബോർഡുകൾ സ്ഥാപിച്ചത്. എന്നാൽ ഇതവണഗിച്ചാണ് പലരും അശ്രദ്ധമായി ജലാശയങ്ങളിലിറങ്ങുന്നത്.
വിശ്രമമില്ലാതെ സ്‌കൂബാ ടീം
ജലാശയങ്ങളിലെ അപകടങ്ങൾ വർദ്ധിച്ചതോടെ ഫയർഫോഴ്‌സിലെ സ്‌കൂബാ ടീമിനും വിശ്രമമില്ലാതായി. ബുധനാഴ്ച കുളമാവ് ഡാമിൽ കാണാതായ സഹോദരങ്ങൾക്കായി മൂന്ന് ദിവസമായി തിരച്ചിൽ നടത്തുന്നത് ഫയർഫോഴ്‌സിലെ സ്‌കൂബാ ടീമാണ്. എല്ലാ സൗകര്യമുമുള്ള സ്‌കൂബാ വാഹനവും പരിശീലനം ലഭിച്ച മുങ്ങൽ വിദഗ്ദ്ധരും ജില്ലയിൽ ഫയർഫോഴ്‌സിനുണ്ട്.