മുട്ടം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ഇടപെടലിനെ തുടർന്ന് ഇടമലക്കുടിയിലെ സ്കൂൾ തുറന്ന് പ്രവർത്തികാൻ തീരുമാനം.കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് ട്രൈബൽ പഞ്ചായത്തായ ഇടമലക്കുടിയിലെ സ്കൂൾ അടച്ച് പൂട്ടിയിരുന്നു.ഇതേ തുടർന്ന് 124 വിദ്യാർത്ഥികളുടെ പഠനം മുടങ്ങി.ഇത് സംബന്ധിച്ച് സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി മെമ്പർ സെക്രട്ടറിയും ജില്ലാ ജഡ്ജുമായ കെ ടി മുഹമ്മദ്‌ നിസാർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ പി എ സിറാജുദീനോട് പ്രശ്നത്തിൽ ഇടപെടാൻ നിർദേശം നൽകുകയുമായിരുന്നു. ഇത് സംബന്ധിച്ച് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മൂന്നാർ അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസറോട് റിപ്പോർട്ട് ആവശ്യപ്പെടുകയും വിദ്യാർത്ഥികളുടെ പഠനം മുടങ്ങാത്ത വിധത്തിൽ കോവിഡ് നിയമങ്ങൾ പാലിച്ച് തിങ്കളാഴ്ച്ച മുതൽ സത്രത്തിൽ സ്കൂൾ പ്രവർത്തിക്കുവാനും ചർച്ചയിലൂടെ തീരുമാനം ആവുകയും ചെയ്തു.