ഇടുക്കി: ജില്ലാ സ്‌പോട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ടോക്കിയോ ഒളിമ്പിക്‌സിന് അഭിവാദ്യമർപ്പിച്ചുകൊണ്ടും ഇന്ത്യൻ കായികതാരങ്ങൾക്ക് വിജയാശംസകൾ നേർന്നുകൊണ്ടും ഒളിമ്പിക്‌സ് ചെറുതോണിയിൽ ദീപശിഖാ പ്രയാണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ദീപശിഖ പ്രതീകാത്മകമായി തിരി കൊളുത്തി. യോഗത്തിൽ ജില്ലാ സ്‌പോട്‌സ് കൗൺസിൽ പ്രഡിഡന്റ് റോമിയോ സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. ജില്ലാ വികസന കമ്മീഷണർ അർജ്ജുൻ പാണ്ഡ്യൻ ഒളിമ്പിക് ദിന സന്ദേശം നൽകി. കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം സി.വി.വർഗീസ് ദീപശിഖാ പ്രയാണം ഫ്‌ളാഗ് ഓഫ് ചെയ്തു. തുടർന്ന് കായിക താരങ്ങളും സംഘാടകരും വിവിധ വകുപ്പിലെ പ്രതിനിധികളും ദീപശിഖയ്ക്ക് സമീപം നിന്ന് ചിത്രങ്ങളെടുത്ത് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് കായിക താരങ്ങൾക്ക് പിന്തുണ അറിയിച്ചു.
ഒളിമ്പിക്‌സിൽ നീന്തൽ വിഭാഗത്തിൽ രാജ്യത്തെ പ്രതിനിധികരിക്കുന്ന ഇടുക്കി സ്വദേശിയായ സജൻ പ്രകാശിന്റെ മാതാവും കായിക താരവുമായ വി.എസ്. ഷാന്റിമോളെ ചടങ്ങിൽ ആദരിച്ചു. യൂട്യൂബിലൂടെ ജിംനാസ്റ്റിക് സ്വയം പഠിച്ചെടുത്ത ആൻഡ്രിയ സജി, സൈക്ക്‌ളിംങ് താരം അമ്പാടി പി. ജയൻ, അമ്പെയ്ത്ത് താരം ഗോകുൽ പി. ജയൻ എന്നിവരെ ചടങ്ങിൽ ഇടുക്കി സ്‌പോട്‌സ് കൗൺസിൽ ആദരിച്ചു.
വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ജി. സത്യൻ, ജില്ലാ സ്‌പോട്‌സ് കൗൺസിൽ സെക്രട്ടറി പി.കെ. കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡിറ്റാജ് ജോസഫ്, വാഴത്തോപ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ബി. സബീഷ്, വാഴത്തോപ്പ് മെമ്പർ നിമ്മി ജയൻ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് കുഴിക്കണ്ടം, വ്യാപാര സമിതി പ്രസിഡന്റ് സാജൻ കുന്നേൽ, ജില്ലാ സ്‌പോട്‌സ് കൗൺസിൽ എക്‌സിക്യൂട്ടിവ് അംഗം അനസ് ഇബ്രാഹിം എന്നിവർ സംസാരിച്ചു.