തൊടുപുഴ: ചോറ്റുപാറ- ഉളുപ്പൂണി റോഡ് തകർന്നിട്ട് ഏറെ വർഷങ്ങൾ കഴിഞ്ഞെങ്കിലും ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നില്ല. ചോറ്റുപാറ മുതൽ കൂവലേറ്റം വരേയുള്ള 13 കിലോമീറ്റർ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് വർഷങ്ങളായി നിരവധി നിവേദനങ്ങൾ നൽകുന്നു. റോഡിലൂടെയുള്ള യാത്ര ദുസഹമായതിനാൽ ഓട്ടോറിക്ഷകൾ പോലും ഇത് വഴി വരുന്നില്ല. ചോറ്റുപാറയിൽ നിന്ന് ഉളുപ്പൂണി വരെയുള്ള ആറ് കിലോ മീറ്റർ ഭാഗം വർഷങ്ങൾക്ക് മുമ്പാണ് ടാർ ചെയ്തത്. ഉളുപ്പൂണിക്കപ്പുറം മൺ റോഡും ചിലയിടങ്ങളിൽ കോൺക്രീറ്റും ചെയ്തിട്ടുണ്ട്. ചോറ്റുപാറ- ഉളുപ്പൂണി റോഡ് വൈദ്യുതി ബോർഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. ബോർഡ് വർഷങ്ങളായി ഈ റോഡിനോട് അയിത്തം കല്പിച്ചതിനാൽ നവീകരണം ഇല്ലാതായി. പിന്നീട് 10 വർഷം മുമ്പ് ചോറ്റുപാറ മുതൽ ഉളുപ്പൂണി വരെയുള്ള ആറ് കിലോ മീറ്റർ ദൂരം ജില്ലാ പഞ്ചായത്ത് ടാർ ചെയ്തു. അതിന് ശേഷം ഒരു പുണരുദ്ധാരണ ജോലികളും നടന്നിട്ടില്ല.

ക്ഷമയോടെ കാത്തിരിക്കുക

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിയുടെ പുതിയ ആപ്പായ പി.ഡബ്ല്യു.ഡി ഫോർ യുവിൽ പ്രദേശവാസികൾ പരാതി നൽകിയിരുന്നു. ഒട്ടും താമസിക്കാതെ വകുപ്പ് അധികൃതരുടെ ഫോൺ കോൾ വന്നെങ്കിലും റോഡ് പി.ഡബ്ല്യു.ഡിയുടേതല്ലാത്തതിനാൽ പണിയാൻ നിവൃത്തിയില്ലെന്നായിരുന്നു മറുപടി. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡായതിനാൽ അവർ ഏറ്റെടുക്കുമെന്നും ക്ഷമയോടെ കാത്തിരിക്കാനും വകുപ്പ് അധികൃതർ ഉപദേശം നൽകി. പഞ്ചായത്തിനെ സമീപിച്ച് കോൺക്രീറ്റെങ്കിലും ചെയ്യിപ്പിക്കാൻ ശ്രമിക്കുക എന്ന ഉപദേശവും അധികൃതർ നൽകി.