ഇടുക്കി: ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മൂന്നാറിൽ. ദേവികുളം താലൂക്കിൽ 11.96 സെ.മീ. മഴയാണ് പെയ്തിറങ്ങിയത്. പീരുമേട്- 9.5, ഉടുമ്പൻചോല- 6.49, ഇടുക്കി- 6, തൊടുപുഴ- 1.58 സെ.മീ. വീതവും മഴ ലഭിച്ചു. 26 വരെ ജില്ലയിൽ കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഇന്ന് രാവിലെ കരതൊടുമെങ്കിലും ജില്ലയിൽ ഹൈറേഞ്ച് മേഖലയിൽ ഇടവിട്ട് മഴ തുടരും. രാത്രിയോടെ കുറഞ്ഞ് തുടങ്ങുന്ന മഴ ചൊവ്വാഴ്ചയോടെ ദുർബലമാകുമെന്നാണ് നിലവിലെ വിലയിരുത്തൽ. ദേവികുളം, പീരുമേട് താലൂക്കുകളിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. മഴ തുടരുന്നതിനാൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതകളുമുണ്ട്.