മൂലമറ്റം:: കുളമാവ് ജലാശയത്തിൽ കാണാതായ സഹോദരങ്ങളെ ഇന്നലെ നടന്ന തിരച്ചിലിലും കണ്ടെത്താനായില്ല. മീൻ പിടിക്കാൻ കെട്ടിയിട്ടിരുന്ന വല അഴിക്കാൻ വള്ളത്തിൽ പോകുന്നതിനിടെയാണ് കോഴിപ്പുറത്ത് ബിജു, ബിനു എന്നിവരെ ബുധനാഴ്ച കാണാതായത്. കാറ്റും മഴയും മൂലം വലിയ തോതിൽ വെള്ളം തിരയടിക്കുന്നത് തിരച്ചിലിന് വിഘാതമാകുന്നുണ്ട്. ഇന്നലെ 5 മണിയോടെ തിരച്ചിൽ നിർത്തി. എ.ഡി.എം.ഷൈജു പി. ജേക്കബ് സ്ഥലത്ത്‌ എത്തിയിരുന്നു. കോതമംഗലം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നെത്തിയ സ്കൂബ ടീം വള്ളം കണ്ട സ്ഥലത്തും പരിസരത്തും കൂടുതൽ ആഴത്തിൽ മുങ്ങി തപ്പിയെങ്കിലും ഫലമുണ്ടായില്ല. ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ തുടരും.