നെടുങ്കണ്ടം: നെടുങ്കണ്ടത്ത് മഴയിലും കാറ്റിലും വ്യാപകമായ നാശം. പാറത്തോട്, നെടുങ്കണ്ടം, മുണ്ടിയെരുമ, പാമ്പാടുംപാറ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പാറത്തോട്ടിൽ വീട് അപകടാവസ്ഥയിലായതിനെത്തുടർന്ന് നാല് കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. കാറ്റിലും മഴയിലും വിവിധ സ്ഥലങ്ങളിൽ കൃഷിനാശവും നേരിട്ടു. മേലേച്ചിന്നാർ പെരിഞ്ചാംകുട്ടി റോഡിന്റെ സൈഡ് ഇടിഞ്ഞതിനെ തുടർന്ന് റോഡ് അപകടാവസ്ഥയിലായി. മുണ്ടിയെരുമ മൂന്നുമുക്കിൽ രണ്ട് വീടുകളുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെത്തുടർന്ന് വീടുകൾ അപകടാവസ്ഥയിലായി. നടുവീടിൽ ദേവസ്യാ ജോസഫ്, പുളിഞ്ചുവള്ളിൽ മുരളീധരൻ എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലായത്. ഇവരുടെ വീടിന്റെ സംരക്ഷണഭിത്തിയുടെ കൽക്കെട്ടും മറ്റും ഇടിഞ്ഞ് മുണ്ടിയെരുമ കോമ്പയാർ റോഡിൽ വീഴുകയായിരുന്നു. ഗതാഗതവും ഭാഗികമായി തടസപ്പെട്ടു. പ്രദേശത്ത് കാറ്റും മഴയും തുടരുന്നതിനാൽ വീടിന് സമീപത്തെ തെങ്ങ് ഉൾപ്പടെയുള്ള മരങ്ങൾ നാട്ടുകാരുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റി. സ്ഥലത്ത് പാറത്തോട് വില്ലേജ് ആഫീസർ ടി.എ. പ്രദീപ് വാർഡ് മെമ്പർ വിജയലക്ഷ്മി തുടങ്ങിയവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. പാറത്തോട് മെട്ടകിലിൽ പാറയ്ക്കൽ രങ്കരാജൻ, വീരഭാസ്‌കർ, ആകാശ് ഭവനിൽ വേൽമുരുകൻ എന്നിവരുടെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. ഭിത്തികൾക്ക് വിള്ളൽ വീണതിനാൽ ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിലാണ്. ഇവരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.