തൊടുപുഴ: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് അരയ്ക്ക് കീഴ്‌പ്പോട്ട് തളർന്ന് കിടപ്പിലായ മിനി സുധാകരന് സർക്കാർ സാമൂഹ്യനീതി വകുപ്പ് വഴി ഇലക്ട്രോണിക് വീൽചെയർ നൽകിയത് പുതു ജീവിതത്തിലേക്ക് വഴികാട്ടിയായി. വണ്ണപ്പുറം കാളിയാർ സ്വദേശിയായ മിനി സുധാകരൻ 2013ൽ വീടിനു സമീപം റോഡിലൂടെ നടന്ന് പോകുമ്പോഴായിരുന്നു അപകടം. കഴിഞ്ഞ ഏഴ് വർഷമായി വീടിനുള്ളിലെ നാലു ചുമരുകൾക്കുള്ളിൽ ജീവിതം തള്ളിനീക്കുകയായിരുന്നു മിനി. ഇതിനിടെയാണ് സാമൂഹ്യനീതി ആഫീസ് മുഖാന്തിരം സർക്കാർ ഭിന്നശേഷിക്കാർക്കായി നൽകുന്ന ഇലക്ട്രോണിക്‌സ് വീൽ ചെയർ മിനിക്കും ലഭിച്ചത്. ചടങ്ങ് മന്ത്രി റോഷി അഗസ്റ്റിനാണ് ഉദ്ഘാടനം ചെയ്തത്. കൊവിഡ് കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ കഷ്ടത അനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി വിവിധ പദ്ധതികൾ സർക്കാർ ആവിഷ്‌കരിക്കുന്നുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണം നൽകുന്ന പദ്ധതി പ്രകാരം 2019- 20 വർഷത്തിൽ ജില്ലാ സാമൂഹ്യനീതി ആഫീസിൽ നിരവധി അപേക്ഷകളാണ് ലഭിച്ചത്. ഇത്തരം അപേക്ഷകൾ ജില്ലാ കളക്ടർ അദ്ധ്യക്ഷനായ കമ്മിറ്റിയാണ് പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ നിന്ന് ആറ് പേരെ തിരഞ്ഞെടുത്തു. ഇവർക്ക് സർക്കാർ അനുവദിച്ച ഇലക്ട്രോണിക്‌സ് വീൽ ചെയറുകൾ തൊടുപുഴ ഗവ. വൃദ്ധ സദനത്തിൽ മന്ത്രി വിതരണം ചെയ്തു.
യോഗത്തിൽ തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ആഫീസർ ബിനോയ് വി.ജെ, തൊടുപുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ ഷാഹുൽഹമീദ്, വാർഡ് കൗൺസിലർ മാത്യു ജോസഫ്, വൃദ്ധസദനം സൂപ്രണ്ട് സെബാസ്റ്റ്യൻ അഗസ്റ്റിൻ, ജില്ലാ പ്രൊബേഷൻ ഓഫീസർ ജി. ഗോപകുമാർ എന്നിവർ സംസാരിച്ചു.