ഇടുക്കി: ഡി.ടി.പി.സിയുടെ കീഴിലുള്ള വിനോദ കേന്ദ്രങ്ങൾ പുതിയ സർക്കാർ ഉത്തരവുണ്ടാകുന്നതുവരെ തുറന്നു പ്രവർത്തിക്കുന്നതല്ലെന്ന് ഡി.ടി.പി.സി സെക്രട്ടറി ഗിരീഷ് പി.എസ് അറിയിച്ചു. ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ തുറന്നതായി വ്യാജ വാട്‌സ്ആപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് വിവിധ കേന്ദ്രങ്ങളിൽ ജീവനക്കാരുമായി സംഘർഷമുണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. നിലവിലെ ഇളവുകളനുസരിച്ച് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും ഒരു ഡോസ് എങ്കിലും കൊവിഡ് വാക്‌സിനെടുത്തത് തെളിയിക്കുന്ന രേഖകൾ കൈവശമുള്ളവർക്കും റിസോർട്ടുകളിലും ഹോട്ടലുകളിലും ഹോംസ്റ്റേകളിലും സർവീസ് വില്ലകളിലും താമസിക്കുന്നതിന് തടസമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.