road
റോഡ് തകർന്ന നിലയിൽ

മൂന്നാർ: മഴ കനത്തതോടെ മൂന്നാർ- ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ പെരിയവരൈ പാലത്തിന് സമീപം റോഡ് ഇടിഞ്ഞു. ഇന്നലെ രാവിലെ ഒരു വശമിടിഞ്ഞ് സമീപത്തെ പുഴയിലേക്ക് പതിക്കുകയായിരുന്നു. ഇതോടെ റോഡിന്റെ പകുതിയോളം ഭാഗം ഇടിഞ്ഞു. രാവിലെ വീതി കുറഞ്ഞ് ബലക്ഷയം സംഭവിച്ച റോഡിലൂടെ ഭാരം കയറ്റി വന്ന ലോറി ചെളിയിൽ പൂണ്ടു. ഒരു വർഷം മുമ്പായിരുന്നു പെരിയവരൈയിൽ പുതിയതായി നിർമ്മിച്ച പാലം ഗതാഗതത്തിനായി തുറന്ന് നൽകിയത്. നിർമ്മാണം പൂർത്തീകരിച്ച് പുതിയപാലം ഗതാഗതത്തിനായി തുറന്നുകൊടുക്കും വരെ മഴക്കാലങ്ങളിൽ പെരിയവരൈയിൽ പാലം ഒലിച്ച് പോയി ഗതാഗത തടസമുണ്ടാകുന്നത് പതിവായിരുന്നു. പുതിയപാലത്തിലൂടെ ഈ പ്രശ്‌നം പരിഹരിച്ചതിന് പിന്നാലെയാണ് പ്രദേശത്ത് പാതയോരമിടിഞ്ഞ് വീണ്ടും പ്രതിസന്ധിയുണ്ടായത്. ഗതാഗത തടസമുണ്ടാകാതെ കാര്യങ്ങൾ സുഗമമാക്കാനുള്ള ശ്രമം നടത്തുമെന്ന് സ്ഥലം സന്ദർശിച്ച അഡ്വ. എ. രാജ എം.എൽ.എ പറഞ്ഞു.