ഇടുക്കി: പീരുമേട് താലൂക്ക് ആശുപത്രിയിൽ പുതുതായി ആരംഭിച്ച കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനത്തിന്റെ ഉദ്ഘാടനം ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വാർഡുകൾ, ഇന്റൻസീവ് കെയർ യൂണിറ്റ്, ഓപ്പറേഷൻ തിയേറ്റർ, കാഷ്വാലിറ്റി എന്നിവിടങ്ങളിലാണ് കേന്ദ്രീകൃത ഓക്‌സിജൻ വിതരണ ശൃംഖല സ്ഥാപിച്ചിരിക്കുന്നത്. കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട് ഉപയോഗിച്ച് ആരോഗ്യകേരളം ഇടുക്കിയാണ് കേന്ദ്രീകൃത ഓക്‌സിജൻ വിതരണശൃംഖല സ്ഥാപിച്ചത്. യോഗത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അദ്ധ്യക്ഷത വഹിച്ചു. പീരുമേട് എസ്.എം.എസ് ഹാളിൽ നടന്ന പ്രാദേശിക ചടങ്ങിന്റെ ഉദ്ഘാടനം വാഴൂർ സോമൻ എം.എൽ.എ നിർവഹിച്ചു. യോഗത്തിൽ അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വയോജന സൗഹൃദ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. നൗഷാദ് നിർവഹിച്ചു. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എം. ആനന്ദ്, ഡോ. ജിതിൻ തുടങ്ങിയവർ പങ്കെടുത്തു.