ഇതുവരെ ഒരാൾ പോലും വാക്സിനെടുക്കാത്ത ഏക പഞ്ചായത്ത്
ഇടുക്കി: കേരളത്തിൽ ഇതുവരെ വാക്സിനേഷൻ ആരംഭിക്കാത്ത ഏക പഞ്ചായത്തായി ഇടമലക്കുടി. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ഇതുവരെ ഒരാൾക്ക് പോലും ഒരു ഡോസ് വാക്സിൻ പോലും നൽകിയിട്ടില്ല. നേരത്തെ മുതുവാൻ സമുദായത്തിൽപ്പെട്ട ആദിവാസികൾ സഹകരിക്കുന്നില്ലെന്നും പഞ്ചായത്തിലാർക്കും ഇതുവരെ കൊവിഡ് വന്നിട്ടില്ലെന്നുമായിരുന്നു ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വിശദീകരണം. എന്നാൽ കഴിഞ്ഞ 13ന് ആദ്യമായി രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വാക്സിനേഷൻ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നു. എന്നാൽ ഇതുവരെ തുടങ്ങാനായിട്ടില്ല. സംസ്ഥാനത്ത് ഏറ്റവും കുറവ് കൊവിഡ് ടെസ്റ്റ് നടക്കുന്ന പഞ്ചായത്തും ഇടമലക്കുടിയാണ്. പഞ്ചായത്തിലിതു വരെ ഒരു കൊവിഡ് പരിശോധന പോലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയിട്ടില്ല. പഞ്ചായത്തിലുള്ളവർ പുറത്ത് ആശുപത്രിയിലെവിടെയെങ്കിലും പോകുമ്പോൾ മാത്രമാണ് പരിശോധന നടത്തുന്നത്. അങ്ങനെ നടത്തിയ പരിശോധനയിലാണ് രണ്ട് പേർക്ക് രോഗം സ്ഥിരീകരിക്കുന്നതും. സംസ്ഥാനത്ത് ആദ്യ കൊവിഡ് റിപ്പോർട്ട് ചെയ്ത് 16 മാസങ്ങൾക്കിപ്പുറമാണ് ഇവിടെ രോഗമെത്തിയത്. പുറത്ത് നിന്നുള്ളവർക്ക് പ്രവേശനം നിരോധിച്ചിരുന്നതിനാൽ, പഞ്ചായത്തിലെ ഒരാൾക്കു പോലും രോഗം ബാധിക്കാത്ത സംസ്ഥാനത്തെ ഏക പഞ്ചായത്തായിരുന്നു ഇടമലക്കുടി.
നിലവിൽ രോഗികളിൽ യുവാവ് മൂന്നാർ ശിക്ഷക് സദനിലെ പരിചരണ കേന്ദ്രത്തിലും വീട്ടമ്മ കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. കൊവിഡ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ, കുട്ടികൾ സ്കൂളിൽ നേരിട്ടെത്തി പഠനം നടത്തിയിരുന്ന കേരളത്തിലെ ഏക സ്ഥലമായ ഇവിടത്തെ സ്കൂളിന്റെ പ്രവർത്തനം നിറുത്തിയിരുന്നു. എന്നാൽ ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ ഇടപെടലിനെ തുടർന്ന് സ്കൂളിന്റെ പ്രവർത്തനം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്നലെ മുതൽ പുനരാരംഭിച്ചു. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലുള്ള 139 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പ്രദേശത്ത് മൊബൈലിന് റേഞ്ചില്ലാത്തതിനാൽ ഓൺലൈൻ വിദ്യാഭ്യാസം നടക്കില്ല. ആകെയുള്ള 24 കുടികളിൽ വൈദ്യുതിയുള്ളത് മൂന്നു കുടികളിൽ മാത്രമാണ്.
മണിക്കൂറുകൾ കാട്ടിലൂടെ
മൂന്നാറിൽ നിന്ന് 35 കിലോ മീറ്റർ അകലെയുള്ള ഇടമലക്കുടിയിലെത്താൻ 6 മണിക്കൂറോളം കൊടുംകാട്ടിലൂടെ സഞ്ചരിക്കണം. പെട്ടിമുടിയിൽ നിന്ന് 12 കിലോ മീറ്ററോളം വഴി തകർന്ന് കിടക്കുന്നതിനാൽ യാത്ര ദുർഘടമാണ്. ഒരു കുടിയിൽ നിന്ന് അടുത്ത കുടിയിലെത്താൻ 12 മണിക്കൂർ നടക്കണം.
''വാക്സിനേഷൻ ഈ മാസം അവസാനം ആരംഭിക്കാനായിരുന്നു തീരുമാനം. കനത്ത മഴയിൽ ദുർഘടമായ വനത്തിലൂടെ ആരോഗ്യപ്രവർത്തകർക്ക് പ്രദേശത്ത് എത്തിപ്പെടാനാകാത്തതും വാക്സിൻ ക്ഷാമവുമാണ് നടപടി വൈകാൻ കാരണം."
-ഡോ. എൻ. പ്രിയ (ഡി.എം.ഒ)