തൊടുപുഴ: ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ നടന്നു വരുന്ന സ്ത്രീധന വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിനുകൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ജില്ലയിലെ ക്യാമ്പസുകളിൽ നിന്നുള്ള പതിനായിരത്തിൽപരം വിദ്യാർത്ഥികൾ സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുക്കും. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് ക്യാമ്പസുകളിൽ പദ്ധതി നടപ്പിലാക്കുന്നത്. 30ന് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപന മേധാവികളുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾ സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുക്കും. പദ്ധതിയുടെ ജില്ലാ തലത്തിലുള്ള ഉദ്ഘാടനത്തിന്റെ വെബിനാർ തൊടുപുഴ ന്യൂമാൻ കോളേജ് വിമൻസ് സെല്ലുമായി സഹകരിച്ച് നടന്നു. ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ സിറാജുദ്ദീൻ പി.എ. സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തൊടുപുഴ മുൻസിഫ് മജിസ്ട്രേറ്റ് ഡോ. എൽസ കാതറിൻ ജോർജ് വിഷയാവതരണം നടത്തി. തൊടുപുഴ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി ആശാ കെ. മാത്യു, ന്യൂമാൻസ് കോളേജ് വിമൻസ് സെൽ കോ- ഓഡിനേറ്റർ അനിത തോമസ് എന്നിവർ സംസാരിച്ചു. ഇരുന്നൂറോളം വിദ്യാർത്ഥികൾ വെബിനാറിൽ പങ്കെടുത്ത്‌ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ഏറ്റു ചൊല്ലി.