തൊടുപുഴ: ബൈപ്പാസുകളുടെ നാടെന്നറിയപ്പെടുന്ന തൊടുപുഴയിൽ മനോഹരമായ എട്ടാമത്തെ ബൈപ്പാസ് റോഡ് പുഴയുടെ തീരത്ത് ഒരുങ്ങുന്നു. കോലാനി- വെങ്ങല്ലൂർ ബൈപ്പാസിലെ വെങ്ങല്ലൂർ പാലത്തിനു സമീപത്ത് നിന്ന് ആരംഭിച്ച് തൊടുപുഴയാറിന്റെ തീരത്ത് കൂടി തൊടുപുഴ- പാലാ റോഡിലെ ധന്വന്തരി ജംഗ്ഷനിൽ എത്തിച്ചേരുന്നതാണ് പുതിയ ബൈപ്പാസ്. 1.7 കിലോമീറ്റർ നീളവും 12 മീറ്റർ വീതിയിലുമാണ് റോഡ് നിർമിക്കുന്നത്. പുഴയോരത്തിന്റെ സൈഡ് കെട്ടി സുരക്ഷിതമായാണ് റോഡ് നിർമിക്കുന്നത്. 6.30 കോടി രൂപയാണ് നിർമാണ ചിലവ്. റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കാൻ 10.50 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നാലു കലുങ്കുകളുടെ നിർമാണവും റോഡ് ഫോർമേഷനുമാണ് ഇപ്പൊൾ ദ്രുതഗതിയിൽ നടന്നു വരുന്നത്. പി.ജെ. ജോസഫ് എം.എൽ.എയുടെ വികസന സ്വപ്നമായിരുന്നു ഈ ബൈപ്പാസ്.
വ്യായാമത്തിനും വിനോദിനും
വാഹന ഗതാഗതത്തിന് ജനങ്ങൾക്ക് പ്രഭാത വ്യായാമത്തിനും വൈകുന്നേരങ്ങളിൽ കുടുംബമായെത്തി സമയം ചിലവഴിക്കാനും പുഴയുടെ ഭംഗി ആസ്വദിക്കാനും ലക്ഷ്യമിട്ടാണ് ബൈപാസ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. പുഴയോരത്ത് രണ്ട് മീറ്റർ വീതിയിൽ ജോഗിംഗ് ട്രാക്ക് കൂടി നിർമിക്കും. കൂടാതെ റോഡിന്റെ മുഴുവൻ ഭാഗത്തും പുഴയുമായി തിരിച്ച് കുളി കടവുകൾ ഒഴിവാക്കി ഹാൻഡ് റെയിലുകൾ സ്ഥാപിക്കും. പുഴയോരത്തും മറുവശത്തും പൂമരങ്ങൾ നട്ടു പിടിപ്പിച്ചു മനോഹരമാക്കും. അലങ്കാര സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിക്കും.