തൊടുപുഴ: പട്ടയത്തിന് വേണ്ടിയുള്ള കരിമണ്ണൂർ നിവാസികളുടെ കാത്തിരിപ്പ് അടുത്ത നാളിലെങ്ങും അവസാനിക്കില്ല. കരിമണ്ണൂർ, വണ്ണപ്പുറം, ഉടുമ്പന്നൂർ, വെള്ളിയാമറ്റം, അറക്കുളം പഞ്ചായത്തുകളിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് കരിമണ്ണൂർ ഭൂമി പതിവ് ആഫീസിൽ നിന്നാണ്. കരിമണ്ണൂർ ആഫീസിലെ നിലവിലുള്ള ജീവനക്കാരുടെ നേതൃത്വത്തിൽ ഒരുവർഷം തയ്യാറാക്കാൻ കഴിയുക 1000 പട്ടയങ്ങൾ മാത്രമാണ്. ആറായിരത്തോളം അപേക്ഷകളാണ് നിലവിൽ ഈ ആഫീസിന്റെ പരിഗണനയിലുള്ളത്. ലഭ്യമായ അപേക്ഷകൾ പരിശോധിച്ച് ഭൂമി അളന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വർഷങ്ങൾ വേണ്ടി വരും. പട്ടയം ലഭിക്കാനുള്ളതിൽ കൂടുതലും 2, 3, 4 സെന്റ് ഭൂമി ഉള്ളവരാണ്. അന്നന്ന് ജോലികൾ ചെയ്ത് ജീവിതം മുന്നോട്ട് നീക്കുന്ന ഇത്തരം ആളുകൾക്ക് ഏറെ വർഷങ്ങൾ കഴിഞ്ഞിട്ടും പട്ടയം ലഭ്യമാകാത്തത് മാറി മാറി ഭരണത്തിൽ എത്തുന്ന സർക്കാരുകളുടെ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്ക് താത്പര്യം ഇല്ലാത്തതിനാലാണെന്ന് പ്രദേശവാസികൾ പറയുന്നു. ലോക്ക് ഡൗൺ കാലഘട്ടങ്ങളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പ്രദേശവാസികൾക്ക് ബാങ്ക് വായ്പയെടുക്കാൻ പോലും കഴിയുന്നില്ല. തഹസീൽദാർ, കളക്ടർ എന്നിവർക്ക് വർഷങ്ങളായി അപേക്ഷകൾ നൽകിയെങ്കിലും പട്ടയ നടപടികൾ മാറ്റി വയ്ക്കപ്പെടുകയുമാണ്.