ഇടുക്കി: മൂന്നാർ ഗവ. കോളേജിന്റെ അപകട നിലയിലുള്ള കെട്ടിടം പൊളിക്കാൻ ജില്ലാ കളക്ടർ ഷീബാ ജോർജ് നിർദ്ദേശം നൽകി. ഈ കെട്ടിടത്തിൽ ഫിസിക്കൽ എജ്യംക്കേഷൻ വിഭാഗവും എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗവുമാണ് പ്രവർത്തിച്ചിരുന്നത്. കെട്ടിടം നിൽക്കുന്ന സ്ഥലം ദുർബലമാണ്. ഇവിടെ മണ്ണിടിഞ്ഞ് ദേശീയ പാതയിലേക്കും സമീപത്തെ ആറ്റിലേക്കും പതിച്ചിട്ടുണ്ട്. കെട്ടിടത്തിനുള്ളിലും നീരുറവയുണ്ട്. മുൻവശം ഇടിഞ്ഞിരിക്കുന്നതിനാൽ റോഡിലേക്കു വീഴാനും സാധ്യതയുള്ളതായി റിപ്പോർട്ട് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ കെട്ടിടം പൊളിച്ചുമാറ്റി അപകട സാഹചര്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് കൊളിജിയറ്റ് എഡ്യൂക്കേഷൻ വകുപ്പിനോട് നിർദ്ദേശിച്ചിരിക്കുന്നത്.